പൂച്ചാക്കൽ: പെരുമ്പളം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുന്നത് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കുന്നു. കഴിഞ്ഞ മാർച്ച് 7-ന് ഉദ്ഘാടനം നിർവഹിച്ചെങ്കിലും, ടാറിങ് ഉൾപ്പെടെയുള്ള നിർണ്ണായക ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് ജോലികൾ ആരംഭിക്കുമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നുമായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും ആദ്യഘട്ട
ടാറിങ് പോലും ഭാഗികമായി മാത്രമാണ് പൂർത്തിയായത്. നിലവിൽ പാലത്തിലും അപ്രോച്ച് റോഡുകളിലും രണ്ടാം ഘട്ട
ടാറിങ് ജോലികൾ പൂർണ്ണമായും നിർത്തിവെച്ച അവസ്ഥയിലാണ്. കെൽട്രോണിന് കരാർ നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും, പാലത്തിലും അപ്രോച്ച് റോഡുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പാലം കേന്ദ്രീകരിച്ച് അനധികൃത പാർക്കിങ്ങും കച്ചവടവും വർധിച്ചതോടെ, ഭക്ഷണാവശിഷ്ടങ്ങൾ കായലിലേക്ക് തള്ളുന്നത് പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്ന പരാതിയും ശക്തമാണ്.
അവധി ദിവസങ്ങളിൽ നിരവധി സന്ദർശകർ എത്തുന്ന പാലത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാലം ഉദ്ഘാടന ദിവസം കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തെങ്കിലും, പിന്നീട് സർവീസ് മുടങ്ങുകയായിരുന്നു.
ടാറിങ് പൂർത്തിയാക്കിയ ശേഷം മാത്രമേ ബസ് സർവീസ് പുനരാരംഭിക്കുകയുള്ളൂ എന്നാണ് അധികൃതരുടെ വിശദീകരണം. അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമ്മാണം തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാർ ചൂണ്ടിക്കാട്ടുന്നു.
നിർമ്മാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങളും സാമഗ്രികളും പാലത്തിൽ ഉപേക്ഷിച്ച നിലയിൽ തുടരുന്നത് രാത്രിസമയങ്ങളിൽ വലിയ അപകടസാധ്യത ഉയർത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

