പൂച്ചാക്കൽ: നിർമ്മാണത്തിലെ അപാകതകളും അധികൃതരുടെ കടുത്ത അവഗണനയും മൂലം പെരുമ്പളം പാലത്തിന്റെ പ്രവർത്തനം പൂർണ്ണതോതിലാകാതെ പ്രതിസന്ധിയിൽ തുടരുന്നു. മാർച്ച് 7ന് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ച പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ രണ്ട് മാസം പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് പൂർത്തിയാക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടില്ല. പാലത്തിലും അപ്രോച്ച് റോഡുകളിലും രണ്ടാം ഘട്ട
ടാറിങ് നടപടികൾ അനിശ്ചിതമായി നീളുകയാണ്. നിലവിൽ ആദ്യഘട്ട
ടാറിങ് ഭാഗികമായി മാത്രമാണ് പൂർത്തിയായിരിക്കുന്നത്. പാലത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും തുടർനടപടികൾ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഇതിനിടെ, പാലത്തിൽ അനധികൃത പാർക്കിങ്ങും കച്ചവടവും വർധിച്ചത് ഗതാഗത തടസ്സങ്ങൾക്കും വ്യാപകമായ മാലിന്യ നിക്ഷേപത്തിനും വഴിയൊരുക്കുന്നു.
ഭക്ഷണാവശിഷ്ടങ്ങൾ കായലിലേക്ക് തള്ളുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
പാലം ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി ബസ് സർവീസുകൾ പിന്നീട് പുനരാരംഭിച്ചിട്ടില്ല. ടാറിങ് പൂർത്തിയായാൽ മാത്രമേ സർവീസ് ആരംഭിക്കൂ എന്നാണ് നിലവിലെ തീരുമാനം.
അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമ്മാണം നിലയ്ക്കാൻ കാരണമെന്നാണ് കരാറുകാരുടെ വിശദീകരണം. അതേസമയം, റോഡ് നിർമാണ യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും പാലത്തിൽ തന്നെ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് രാത്രിയിൽ ഇതുവഴി കടന്നുപോകുന്ന യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

