ആലപ്പുഴ ∙ കേന്ദ്ര സർക്കാരിന്റെ ‘ലാർജർ പദ്ധതി’യുടെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നു മന്ത്രി ആർ.ബിന്ദു. അദ്ദേഹം ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുകയാണ്.
സുപ്രീം കോടതി നിർദേശ പ്രകാരം താനും വ്യവസായമന്ത്രിയും ഗവർണറെ സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രി നേരിട്ടുവന്നു സംസാരിക്കണമെന്നു അദ്ദേഹം ആഗ്രഹിക്കുന്നതായി സൂചിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അദ്ദേഹത്തെ കണ്ടു.
വിസിമാരെ നിയമിക്കുമ്പോൾ സമവായത്തിൽ പോകണമെന്നും സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കൂടി ഗൗരവത്തിൽ പരിഗണിക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചു.
അദ്ദേഹം അത് ഉൾക്കൊണ്ടെന്നാണു മനസ്സിലായത്. ആ ചർച്ചയിൽ താൻ പങ്കെടുക്കാത്തതിനാൽ പൂർണമായ രൂപം അറിയില്ല. ഡപ്യൂട്ടേഷൻ അവസാനിപ്പിച്ച കേരള സർവകലാശാല റജിസ്ട്രാർക്ക് വിടുതൽ നൽകുന്നത് വിലക്കി വൈസ് ചാൻസലർ കത്ത് നൽകിയത് അധമമായ നടപടിയാണെന്നും മന്ത്രി ബിന്ദു പറഞ്ഞു.
കേന്ദ്ര തൊഴിൽനിയമം സ്ത്രീശക്തിയെ ദുർബലപ്പെടുത്താൻ: മന്ത്രി
∙ കേന്ദ്ര സർക്കാർ തൊഴിൽ സംബന്ധമായി കൊണ്ടുവന്നിട്ടുള്ള പുതിയ നിയമങ്ങൾ രാജ്യത്തെ സ്ത്രീശക്തിയെ ദുർബലപ്പെടുത്താനാണെന്നു മന്ത്രി ആർ.ബിന്ദു. മുൻ മന്ത്രി സുശീല ഗോപാലൻ ചരമവാർഷികത്തോടനുബന്ധിച്ച് സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രം ‘തൊഴിൽനിയമങ്ങളും സ്ത്രീകളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നു എന്ന പേരിൽ കൊണ്ടുവന്നിട്ടുള്ള പുതിയ തൊഴിൽ നിയമം സ്ത്രീസുരക്ഷയെ അപകടത്തിലാക്കുന്നതാണ്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെയും ഗാന്ധിജിയുടെ പേരിനെയും ഇതിലൂടെ ഇല്ലാതാക്കുകയാണെന്നും മന്ത്രി പറഞ്ഞു.പഠന ഗവേഷണ കേന്ദ്രം ചെയർമാൻ ആർ.നാസർ അധ്യക്ഷത വഹിച്ചു.
പി.പി.ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പ്രസാദ്, ഡയറക്ടർ വി.എൻ.ചന്ദ്ര മോഹനൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രഭാ മധു തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

