ആലപ്പുഴ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ജോലിഭാരവും സമ്മർദവും മൂലം കണ്ണൂരിൽ ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കിയ പശ്ചാത്തലത്തിൽ ജോലിയിൽ നിന്നു വിട്ടുനിന്നു ബിഎൽഒമാരുടെ പ്രതിഷേധം. ജില്ലയിലെ ഭൂരിഭാഗം ബിഎൽഒമാരും ഇന്നലെ എസ്ഐആറുമായി ബന്ധപ്പെട്ട
ജോലികൾ ചെയ്തില്ല. ജില്ലാ വരണാധികാരിയായ കലക്ടറുടെ ഓഫിസിലേക്ക് വിവിധ സർവീസ് സംഘടനകൾ നടത്തിയ മാർച്ചിൽ ബിഎൽഒമാരും പങ്കാളികളായി.
ദുരിതം പങ്കുവച്ച് ബിഎൽഒമാർ
എന്യൂമറേഷൻ ഫോമുകളുടെ വിതരണം, പൂരിപ്പിച്ചു തിരിച്ചു വാങ്ങൽ വിവരങ്ങൾ അപ്ലോഡ് ചെയ്യൽ എന്നിവയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച ടാർഗറ്റ് പൂർത്തിയാക്കാൻ രാവും പകലും ജോലി ചെയ്യേണ്ട
അവസ്ഥയാണെന്നു ബിഎൽഒമാർ പറയുന്നു. ഫോം വിതരണം ചെയ്താൽ അതിന്റെ വിവരങ്ങൾ മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്യണം.
പൂരിപ്പിച്ചു തിരികെ വാങ്ങിയ ശേഷം ഫോമിലെ വിവരങ്ങൾ എൻട്രി ചെയ്യുന്നതിനൊപ്പം ഫോമിന്റെ ചിത്രവും അപ്ലോഡ് ചെയ്യണം. ഒരു ബൂത്തിൽ 1200–1400 വോട്ടർമാരുണ്ട്.
ഫോം വിതരണം ചെയ്ത്, 10 ദിവസത്തിനു ശേഷം തിരിച്ചു വാങ്ങി ഇത്രയും പേരുടെ വിവരങ്ങൾ രേഖപ്പെടുത്തണം.
ഒരു മാസത്തിനിടെ ഇതിനായി പലവട്ടം വീടുകളിൽ പോകണം. കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ പാടശേഖരങ്ങളിലൂടെ മണിക്കൂറുകൾ നടന്നാണു ബിഎൽഒമാർ ജോലി ചെയ്യുന്നത്.
ജോലിഭാരത്തിനൊപ്പം ടാർഗറ്റ് പൂർത്തിയാക്കാനുള്ള സമ്മർദവും കൂടി താങ്ങാനാകുന്നില്ലെന്നു ബിഎൽഒ മാർ പറയുന്നു.
രാപകൽ ഭേദമില്ല; 24 മണിക്കൂർ ജോലി
ദേശീയപാതയുടെ കിഴക്കുവശത്തും പടിഞ്ഞാറ് തീരദേശത്തുമായി ചിതറിക്കിടക്കുന്ന ബൂത്തിലെ വീടുകളിൽ എത്തിപ്പെടുന്നതു തന്നെ ബുദ്ധിമുട്ടാണെന്നു പുന്നപ്ര മേഖലയിൽ ജോലി ചെയ്യുന്ന വനിതാ ബിഎൽഒ പറയുന്നു. ‘‘ പകൽ വീടുകളിൽ ആളില്ലാത്തതിനാൽ രാവിലെ 7.30 മുതൽ 10 വരെയും രാത്രി 7 മുതൽ 10 വരെയുമാണു വീടു കയറുന്നത്.
രാത്രി തനിച്ചു പോകാൻ ഭയമായതിനാൽ ഭർത്താവും ഒപ്പം വരും. വഴിയിൽ നിറയെ തെരുവുനായ്ക്കളാണ്.
വീടുകളിലെ വളർത്തുനായ്ക്കളും ആക്രമിക്കാൻ വരും.
ഒരു വീടിന്റെ ഗേറ്റ് തുറന്നു നായ കുരച്ചുചാടി. കുറേദൂരം പിന്നാലെ ഓടിച്ചു.
വാഹനം കൊണ്ടുപോകാൻ കഴിയാത്ത ഇടവഴിയാണു പല വീടുകളിലേക്കും. നടന്നുതന്നെ ജോലി തീർക്കണം.
ഫോം വിതരണം ചെയ്തു വീട്ടിലെത്തിയാലും സംശയം തീർക്കാൻ പലരും ഫോൺ ചെയ്യും. ചിലർ വീട്ടിൽ നേരിട്ടെത്തും.
ചുരുക്കത്തിൽ 24 മണിക്കൂർ ജോലിയാണ്. സമയത്തു തന്നെ ഫോം വിതരണം തീർക്കാനുള്ള സമ്മർദവുണ്ടായിരുന്നു’’.
പല കോണിൽ നിന്നും സമ്മർദം
ഫോം വിതരണവും തിരിച്ചുവാങ്ങി വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തലും സമയത്തു തീർക്കാനുള്ള സമ്മർദത്തിനു പുറമേ, താമസം മാറിയവരുടെ പേരുകൾ പട്ടികയിൽ നില നിർത്താനുള്ള രാഷ്ട്രീയ നേതാക്കളുടെ സമ്മർദവും കൂടെ സഹിച്ചാണു ബിഎൽഒ മാർ ജോലി ചെയ്യുന്നതെന്നും പരാതിയുണ്ട്. താമസം മാറിയവരുടെ പേര് ഷിഫ്റ്റഡ് എന്നു രേഖപ്പെടുത്തണമെന്നാണു നിർദേശം.
എന്നാൽ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ അതിനു സമ്മതിക്കില്ല. തൽക്കാലത്തേക്കു താമസം മാറിയതാണെന്നും നിലനിർത്തണമെന്നും ആവശ്യപ്പെടും.
ജില്ലയ്ക്ക് പുറത്തുള്ള വിവരവും ശേഖരിക്കണം
2002നു ശേഷം ബൂത്ത് പരിധിയിലെ വീട്ടിലേക്കു വിവാഹം കഴിഞ്ഞെത്തിയ സ്ത്രീകളുടെ വിവരങ്ങൾ എന്യൂമറേഷൻ ഫോമിൽ ചേർക്കുക വലിയ ബുദ്ധിമുട്ടാണെന്നു ബിഎൽഒമാർ പറയുന്നു.
2002ലെ പട്ടികയിൽ വോട്ടറുമായി രക്തബന്ധമുള്ളവരുടെ വിവരമാണ് അടിസ്ഥാന രേഖയായി ചേർക്കേണ്ടത്. എന്നാൽ വിവാഹം കഴിഞ്ഞെത്തിയ സ്ത്രീകളുടെ ഭർത്താവിന്റെ അച്ഛന്റെയോ അമ്മയുടെയോ പേരാണു ബൂത്തിലെ 2002ലെ വോട്ടർ പട്ടികയിൽ ഉണ്ടാവുക.
വിവാഹം കഴിഞ്ഞെത്തിയ സ്ത്രീയുടെ വീട് ഉൾപ്പെടുന്ന ബൂത്തിലെ 2002ലെ പട്ടികയിൽ നിന്ന് അവരുടെ അച്ഛന്റെയോ അമ്മയുടെയോ വിവരങ്ങൾ കണ്ടെത്തേണ്ടതും ബിഎൽഒയുടെ ചുമതലയാണ്. ഇതു ചിലപ്പോൾ മറ്റൊരു ജില്ലയിലാകാം.
ശവപ്പെട്ടിയേന്തി ഇടതു സർവീസ് സംഘടനകളുടെ മാർച്ച്
ആലപ്പുഴ∙ കണ്ണൂർ ജില്ലയിൽ ബിഎൽഒ ജീവനൊടുക്കിയതു തിരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മർദം മൂലമാണെന്ന് ആരോപിച്ച് ഇടതു സർവീസ് സംഘടനകളുടെ കൂട്ടായ്മയായ ആക്ഷൻ കൗൺസിൽ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടന സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു ശവപ്പെട്ടിയുമേന്തി പ്രതിഷേധ മാർച്ച് നടത്തി.
എസ്ഐആർ നീട്ടിവയ്ക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും ആവശ്യപ്പെട്ടിട്ടും അതിനു തയാറാകാതെ മനുഷ്യസാധ്യമല്ലാത്ത ടാർഗറ്റുകൾ അടിച്ചേൽപിച്ചു തിരഞ്ഞെടുപ്പ് കമ്മിഷൻ ബിഎൽഒമാരെ ആത്മഹത്യയിലേക്കു തള്ളിവിടുകയാണെന്നു സമരക്കാർ ആരോപിച്ചു.
പ്രതിഷേധ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ജെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.എസ്.
സൂരജ് അധ്യക്ഷത വഹിച്ചു. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.ഷിബു, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി.സിലീഷ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി.ഡി.ജോഷി, ബി.സന്തോഷ്, പ്രശാന്ത് ബാബു, എം.അനിൽകുമാർ, ധന്യ പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

