ആലപ്പുഴ ∙ പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഹൗസ്ബോട്ട് യാത്രയ്ക്കു സജ്ജമാകുന്നു. മലിനീകരണം ഒഴിവാക്കുന്നതിനായി ദേശീയ പവർ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യ മിഷന്റെ (നാംപെറ്റ്) മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണു ഹൗസ്ബോട്ട് വൈദ്യുതിയിലേക്കു മാറ്റുന്നത്.
കുസാറ്റും സെന്റർ ഫോർ ഡവലപ്മെന്റ് ഇൻ അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങും (സി-ഡാക്) എനർജി മാനേജ്മെന്റ് സെന്ററും ചേർന്നു സമർപ്പിച്ച പദ്ധതിക്ക് 2023ൽ 3.31 കോടി രൂപ വകയിരുത്തിയിരുന്നു.
ജി.വേണുഗോപാലിന്റെ ഉടമസ്ഥതയിൽ പള്ളാത്തുരുത്തി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആർകെവി ടൂർസിന്റെ ഗോൾഡൻ പാലസ് എന്ന ഹൗസ്ബോട്ടാണു വൈദ്യുതിയിലേക്കു മാറുന്നത്. ഡീസൽ എൻജിനിൽ പ്രവർത്തിച്ചിരുന്ന ഹൗസ്ബോട്ട് ഓഗസ്റ്റിലാണു കരയ്ക്കു കയറ്റി വൈദ്യുത മോട്ടറിലേക്കു മാറിയത്.
55 കിലോവാട്ട് ശേഷിയുള്ള മോട്ടറാണു ഹൗസ്ബോട്ടിനെ ചലിപ്പിക്കുന്നത്. 380 വാട്ട്, 150 എഎച്ച് ബാറ്ററി ശേഷിയുമുണ്ട്.
28 സൗരോർജ പാനലുകളാണു വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 10 കിലോവാട്ട് ശേഷിയുള്ള ഇവയ്ക്കു ബോട്ടിനെ ചലിപ്പിക്കാനാകും.
ഇതിനു പുറമേ ബോട്ട് തീരത്ത് അടുപ്പിച്ചിടുമ്പോൾ ഗ്രിഡിൽ നിന്നും ചാർജും ചെയ്യാനാകും.
ഇലക്ട്രോണിക് കൺട്രോൾ പാനലിലൂടെയാണു ബോട്ടിനെ നിയന്ത്രിക്കുന്നത്. എസിയും ഫാനും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ബാറ്ററിയിൽ പ്രവർത്തിക്കും എന്നതിനാൽ ജനറേറ്റർ ഒഴിവാക്കാനാകും.
പാചകവും വൈദ്യുതിയിലേക്കു മാറുന്നതോടെ ഗ്യാസ് സിലിണ്ടറും ഒഴിവാക്കാം. ബാറ്ററിയും സൗരോർജ പാനലുമുള്ളതിനാൽ മിന്നൽരക്ഷാ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
നിലവിൽ പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടിന്റെ പരീക്ഷണം നടക്കുകയാണ്.
വൈദ്യുത സർക്കീറ്റുകൾ വിജയകരമെന്ന് ഉറപ്പായാലാണ് സർവീസ് ആരംഭിക്കുക. സി-ഡാകിലെ ശാസ്ത്രജ്ഞനായ സിഗി സി.ജോസഫ്, കുസാറ്റ് ഷിപ് ടെക്നോളജി വകുപ്പിലെ ഡോ.
രാജേഷ് പി.നായർ എന്നിവരാണു പദ്ധതിയുടെ മുഖ്യ ഗവേഷകർ. തുടക്കത്തിൽ ചെലവേറുമെങ്കിലും ഇന്ധനച്ചെലവും അറ്റകുറ്റപ്പണികളും ലാഭിക്കുന്നതിലൂടെ മുടക്കുമുതൽ മൂന്നോ നാലോ വർഷത്തിനുള്ളിൽ തിരികെ ലഭിക്കും.
മലിനീകരണം കുറയും
നിലവിൽ ഹൗസ്ബോട്ടുകളുടെ പ്രൊപ്പൽഷൻ സിസ്റ്റം വഴി ഒരു മണിക്കൂറിൽ 8 കിലോഗ്രാം കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നു എന്നാണു കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ കണക്ക്.
ഇതിനു പുറമേ ഹൗസ്ബോട്ടുകളിലെ മറ്റ് ആവശ്യങ്ങൾക്കുള്ള ഡീസൽ, പെട്രോൾ ജനറേറ്റർ മണിക്കൂറിൽ 5 കിലോഗ്രാം കാർബൺ ഡയോക്സൈഡും പുറന്തള്ളുന്നുണ്ട്. വൈദ്യുതിയിലേക്കു മാറുന്നതോടെ ഈ മലിനീകരണം കുറയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

