ചെങ്ങന്നൂർ ∙ ചാംപ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണിൽ ചെങ്ങന്നൂർ പാണ്ടനാട് നടന്ന ഏഴാം മത്സരത്തിൽ വില്ലേജ് ബോട്ട് ക്ലബ് (3.38.158 മിനിറ്റ്) തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കളായി. നിരണം ബോട്ട് ക്ലബ് വീറോടെ തുഴഞ്ഞ നിരണം ചുണ്ടൻ ഉയർത്തിയ കടുത്ത വെല്ലുവിളി 0.253 സെക്കൻഡുകൾക്കു മറികടന്നാണു വീയപുരം ഒന്നാമതെത്തിയത്.
നിരണം ചുണ്ടൻ രണ്ടാമതും (3.38.305 മിനിറ്റ്) പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ (3.38.575 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു. ഏഴു മത്സരങ്ങളിലും വിജയിച്ച വീയപുരം ചുണ്ടൻ സീസണിൽ പോയിന്റ് നിലയിൽ ഏറെ മുന്നിലാണ്.
70 പോയിന്റാണു സീസണിൽ വീയപുരത്തിനുള്ളത്. 7 മത്സരങ്ങളിൽ നിന്നു 61 പോയിന്റുമായി മേൽപാടം ചുണ്ടനാണു രണ്ടാമത്.
ഒന്നാം സ്ഥാനത്തു വ്യക്തമായ പോയിന്റ് വ്യത്യാസം ഉള്ളതിനാൽ ഇനിയുള്ള മത്സരങ്ങളിൽ മേൽപാടം ചുണ്ടനോ മറ്റ് ഏതെങ്കിലും ടീമുകളോ ഒന്നാമത് എത്തിയാലും വീയപുരം ചുണ്ടൻ തന്നെ സീസണിലെ ടൈറ്റിൽ വിജയികളാകാനാണു സാധ്യത.
സീസണിലെ ആദ്യ 7 മത്സരവും വിജയിക്കുന്ന ആദ്യ ടീമാണു വീയപുരം– വിബിസി കൈനകരി ടീം. പാണ്ടനാട്ടിൽ ഹീറ്റ്സിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ ഫൈനലിലെത്തിയ നിരണം ചുണ്ടൻ മത്സരത്തിന്റെ ആദ്യ പകുതിയിൽ ചിത്രത്തിൽ ഇല്ലായിരുന്നു.
തുടക്കം മുതൽ വീയപുരവും മേൽപാടവും മുന്നേറി. എന്നാൽ പകുതിക്കു ശേഷം നിരണം ചാട്ടുളി പോലെ മുന്നേറി രണ്ടു പേരെയും മറികടന്നു ലീഡ് നേടി.
ഫിനിഷിങ് ലൈനിനോട് അടുക്കുമ്പോഴും നിരണം അൽപം മുന്നിലായിരുന്നു. പക്ഷേ അവസാന പത്ത് മീറ്ററിൽ വീയപുരം നടത്തിയ അവിശ്വസനീയ കുതിപ്പിലാണു നിരണത്തെ പിന്നിലാക്കിയത്.
നടുവിലെ പറമ്പൻ (ഇമ്മാനുവേൽ ബോട്ട് ക്ലബ്)– നാല്, നടുഭാഗം ചുണ്ടൻ(പുന്നമട
ബോട്ട് ക്ലബ്)– അഞ്ച്, കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്-കെസിബിസി)– ആറ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്)– ഏഴ്, പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)– എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്)– ഒൻപത് എന്നിങ്ങനെയാണു ഫിനിഷ് ചെയ്ത ക്രമം. ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ.ബിനുകുമാർ വിജയികൾക്കു സമ്മാനങ്ങളും ട്രോഫിയും നൽകി.
ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സിബിഎൽ നോഡൽ ഓഫിസറുമായ ടി.ജി.അഭിലാഷ് കുമാർ, സംസ്ഥാന കോഓർഡിനേറ്റർ ഡോ. അൻസാർ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ഡി.വി.പ്രഭാത് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

