
വെള്ളക്കെട്ടുമൂലം തിരിച്ചറിയാനായില്ല; പെൺകുട്ടി ആഴമുള്ള ഓടയിൽ വീണു
തുറവൂർ ∙ അരൂർ – തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ചന്തിരൂർ പാലത്തിനു സമീപം നടന്നുപോകുകയായിരുന്ന പെൺകുട്ടി മൂടിയില്ലാത്ത ഓടയിൽ വീണു. ഒരു മീറ്ററോളം താഴ്ചയുള്ള മാലിന്യം നിറഞ്ഞ ഓടയിൽ വീണ കുട്ടിയെ ഒപ്പമുണ്ടായിരുന്ന യുവതി വലിച്ചു കയറ്റിയതിനാൽ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു.
കുട്ടിയും യുവതിയും പള്ളുരുത്തി സ്വദേശികളാണെന്നു വിവരമുണ്ടെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്നലെ രാവിലെയായിരുന്നു സംഭവം. പെൺകുട്ടി യുവതിയുടെ കയ്യിൽ പിടിച്ച് പാതയോരത്ത് കൂടി നടന്നു പോകുന്നതിനിടെയായിരുന്നു അപകടം.
ഇന്നലെ മഴ ശക്തമായിരുന്നതിനാൽ കോടംതുരുത്ത്, എരമല്ലൂർ, ചന്തിരൂർ, അരൂർ എന്നിവിടങ്ങളിലെ പാതയുടെ ഇരുവശങ്ങളിലും വെള്ളക്കെട്ടാണ്. ഇതുകാരണം യാത്രക്കാർക്ക് റോഡിലെ കുഴിയും കാനയും തമ്മിൽ തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയാണ്.
ഇതാണ് അപകടത്തിന് കാരണമായത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി അൽപനേരം പ്രതിഷേധമുയർത്തി. അതേ തുടർന്ന് മോട്ടർ ഉപയോഗിച്ച് വെള്ളം നീക്കി.
കാൽനടയാത്രികർ അപകടത്തിൽപെടാതിരിക്കാൻ കരാറുകാർ സുരക്ഷാ റിബണുകളും റിഫ്ലക്ടറുകളും സ്ഥാപിച്ച്, മൂടിയില്ലാത്ത കാനയ്ക്കു ചുറ്റം വേലിയും നിർമിച്ചു.അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അരൂർ എസ്എച്ച്ഒ കെ.ജി.പ്രതാപ് ചന്ദ്രൻ കരാർ കമ്പനി പ്രതിനിധികളുമായി സംസാരിച്ചു, തുടർന്ന് കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് കമ്പനി പൊലീസിനെ അറിയിച്ചു. സംഭവത്തിൽ പരാതിയില്ലെങ്കിലും കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.കുട്ടി വീഴുന്ന ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചന്തിരൂരിലെ വ്യാപാരി കൃഷ്ണകുമാറാണ് യാദൃച്ഛികമായി ദൃശ്യം പകർത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]