പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് പാലം നിർമാണ പുരോഗതി ദലീമ ജോജോ എംഎൽഎ സന്ദർശിച്ച്, വിലയിരുത്തി. 2026 ജനുവരി അവസാനത്തോടെ നിർമാണ പൂർത്തീകരണം ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങളെന്ന് എംഎൽഎ പറഞ്ഞു.
അടിക്കടിയുള്ള മഴ മൂലം മുൻകൂട്ടി നിശ്ചയിക്കുന്ന കോൺക്രീറ്റുകൾ നീണ്ടുപോകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും പരമാവധി വേഗത്തിലാണ് നിർമാണം നടക്കുന്നത്. ആകെയുള്ള 800 മീറ്ററിൽ 610 മീറ്റർ നിർമാണം പൂർത്തിയായി.
നിർമാണ പുരോഗതി 85 ശതമാനമായി. നിർമാണത്തിനാവശ്യമായ 80 ഗർഡറിൽ 78 എണ്ണം പൂർത്തിയായി.
ഗർഡറുകൾ മാക്കേക്കടവിൽ കരയിൽ നിർമിച്ച ശേഷമാണ് കായലിനു മുകളിൽ സ്ഥാപിക്കുന്നത്.
ആകെയുള്ള 22 സ്പാനുകളിൽ 19 സ്പാനുകളിൽ ഗർഡറുകൾ സ്ഥാപിച്ചു. ഇതിൽ 18–ാം സ്പാനിന്റെ മേൽത്തട്ട് കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുകയാണ്.
നേരേകടവ് ഭാഗത്തെ 150 മീറ്റർ അപ്രോച്ച് റോഡ് നിർമിക്കുന്നതിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനുള്ള പ്രാഥമിക നടപടികളും തുടങ്ങിയിട്ടുണ്ട്. ഗർഡറുകൾ പൂർണമായി നിർമിച്ച്, സ്ഥാപിച്ച ശേഷമേ മാക്കേക്കടവിൽ അപ്രോച്ച് റോഡ് നിർമാണ നടപടികൾ തുടങ്ങുകയുള്ളൂ.
പാലത്തിന്റെ കൈവരികൾ നിർമിക്കുന്ന ജോലികൾ മാക്കേക്കടവിലെ യാഡിലും പുരോഗമിക്കുകയാണ്. 98.09 കോടി രൂപ ചെലവിൽ സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണ് നിർമാണം നടത്തുന്നത്.
വർഷങ്ങൾ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം 2024 മാർച്ചിലാണ് പുനരാരംഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

