നെടുമുടി ∙ ‘‘കടുകുമണി വ്യത്യാസത്തിന് സ്റ്റിയറിങ് ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ മാറിയാൽ മതി…’’ ഒരു സിനിമയിൽ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറഞ്ഞ താമരശ്ശേരി ചുരത്തിന്റെ സ്ഥിതിയിലാണ് കുട്ടനാട്ടിലെ ഈ റോഡ്. ചമ്പക്കുളം പഞ്ചായത്ത് 13–ാം വാർഡിൽ ആറ്റുവാത്തല ഗവ.
എൽപി സ്കൂളിലേക്കുള്ള വഴിയിലൂടെ വാഹനയാത്രയ്ക്കു മാത്രമല്ല പേടിക്കേണ്ടത്; ഒരു വാഹനമെങ്ങാൻ വന്നാൽ റോഡിലെ കാൽനട യാത്രക്കാരുടെ കാര്യവും ഇതുതന്നെയാണ്.
മങ്കൊമ്പ് ബിആർസി ഓഫിസ് പ്രവർത്തിക്കുന്നതും ഈ റോഡിൽ സ്കൂളിനോടു ചേർന്നാണ്.
ആലപ്പുഴ ചങ്ങനാശേരി റോഡിൽ നെടുമുടി നസ്രത്ത് ജംക്ഷനു സമീപത്തു നിന്നു പാടശേഖരത്തിന്റെ ഒരു വശം ചേർന്നാണു റോഡ് കടന്നു പോകുന്നത്. കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ സാധിക്കുന്ന വീതിയേ റോഡിനുള്ളു.
സ്കൂളിലേക്കും ബിആർസിയിലേക്കും പോകുന്നവർക്കും പ്രദേശത്തെ ഒട്ടനവധി വീടുകളിലേക്കു പോകേണ്ടവർക്കും സമീപത്തെ പാടശേഖരങ്ങളിലെ കർഷകർക്കും പോകേണ്ട
ഏക വഴിയും ഇതാണ്.
എസി റോഡിൽ നിന്ന് ഏകദേശം 150 മീറ്ററോളം നീളത്തിൽ പാടശേഖരത്തിന്റെ വശത്തു കൂടിയാണു റോഡു കടന്നു പോകുന്നത്. റോഡിനു വീതിയില്ലെന്നതിനു പുറമേ, മരച്ചില്ലകൾ വളർന്നു റോഡിലേക്ക് ഇറങ്ങി കിടക്കുന്നതിനാൽ കഷ്ടിച്ചാണ് ഒരു വാഹനം ഈ ഭാഗത്തു കൂടി കടന്നു പോകുന്നത്.
വാഹനം എത്തിയാൽ എതിരെ ഒരാൾക്കു നടന്നു പോലും പോകാൻ സാധിക്കാത്ത അവസ്ഥയാണ്. പിന്നെ വാഹനം കടന്നു പോകണമെങ്കിൽ പിന്നോട്ടു നടക്കുകയോ അല്ലെങ്കിൽ പാടശേഖരത്തിന്റെ വശത്തേക്ക് ഇറങ്ങുകയോ വേണം.
പാടശേഖരത്തിലേക്കുള്ള വശം ചെരിഞ്ഞു കിടക്കുന്നതിനാൽ അങ്ങോട്ട് ഇറങ്ങിയാൽ കൃഷിയിടത്തിലേക്കു തെന്നി വീഴാനുള്ള സാധ്യത ഏറെയാണ്.
കൃഷി ഇല്ലാത്ത അവസരത്തിൽ വെള്ളം കയറ്റി ഇടുന്നതു പതിവാണ്. ഇതു അപകട
സാധ്യത വർധിപ്പിക്കുന്നു. അപകടം പതിയിരിക്കുന്ന വഴിയിലൂടെ കുട്ടികളെ രക്ഷിതാക്കൾ സ്കൂളിലേക്ക് അയയ്ക്കുന്നതു ഭയാശങ്കയോടെയാണ്.
രാത്രികാലങ്ങളിൽ പ്രദേശവാസികളുടെ യാത്ര തീർത്തു പരിതാപകരമാണ്.
വഴി വിളക്കുകൾ ഇല്ലാത്തതു യാത്ര ദുഃസഹമാക്കുന്നു. ഇരു വശങ്ങളിൽ നിന്നു വാഹനങ്ങൾ എത്തിയാൽ ഏറെ നേരം പരിശ്രമിച്ചാൽ മാത്രമേ വാഹനങ്ങൾ പിന്നോട്ട് എടുത്തു കടന്നു പോകാൻ സാധിക്കുകയുള്ളു.
ബന്ധപ്പെട്ടവർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു റോഡിന്റെ അപകടാവസ്ഥ ഒഴിവാക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

