ആലപ്പുഴ∙ മാതൃദിനത്തിൽ അമ്മയുടെ ഓർമകൾ പങ്കുവച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് രമേശ് ചെന്നിത്തല വൈകാരികമായ കുറിപ്പ് പങ്കുവച്ചത്.
അമ്മ ഇല്ലാത്ത ആദ്യ ആദ്യ മാതൃദിനമാണെന്നും അതിന്റെ ശൂന്യതയുണ്ടെന്നും കോൺഗ്രസ് നേതാവ് കുറിച്ചു.
രമേശ് ചെന്നിത്തല പങ്കുവച്ച കുറിപ്പ്
എല്ലാ മാതൃദിനത്തിനും എന്നെ ചേർത്തു പിടിച്ചിരിക്കുന്ന ഒരമ്മയുണ്ടായിരുന്നു. വാക്കും മനസ്സും കൊണ്ട് എനിക്ക് പിന്തുണ തന്ന, ഞാൻ കടന്നു പോയ വഴികളിലൊക്കെയും ആത്മധൈര്യമായ എന്റെ ദേവകിയമ്മ.
എന്റെ അത്താണി, എന്റെ ആത്മവിശ്വാസവും അഹങ്കാരവുമായ എന്റെ അമ്മ.
നമുക്കു പ്രിയപ്പെട്ടവർ എത്ര പെട്ടെന്നാണ് ഓർമ്മകളാകുന്നത്.
അമ്മയില്ലാത്ത ആദ്യ മാതൃദിനമാണ്. ശൂന്യതയുണ്ട്.
പക്ഷേ ഹൃദയത്തിലെ അമ്മമരം നിറയെ തളിരാർന്ന്, പൂക്കളാർന്നു കിടക്കുന്നുണ്ട്. ഓർമയുടെ കാറ്റ് തലോടുന്നുണ്ട്.
മുടിയിഴകളിൽ അമ്മ തലോടുന്നുണ്ട്.
ജീവിതത്തിലെ നിർണായക നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോഴൊക്കെ അമ്മ കൂടെയുണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിക്കാറുണ്ട്. എങ്കിലും കാറ്റിലും മഴയിലും വെയിലിലും എനിക്ക് അമ്മയെ അറിയാനാവുന്നുണ്ട്.
നിശബ്ദസാന്ദ്രമായ നിമിഷങ്ങളിൽ അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട്. അതു മതി!
എല്ലാ അമ്മമാർക്കും അമ്മയോർമ്മകൾക്കും എന്റെ മാതൃദിനാശംസകൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

