20 വർഷം കുടിലിലാണ് ആരിഫയുടെ ജീവിതം
ആലപ്പുഴ ∙ കടപ്പുറത്ത് 20 വർഷത്തിലേറെയായി കുടിൽകെട്ടി താമസിക്കുന്ന റെയിൽവേ സ്റ്റേഷൻ വാർഡിൽ തൈപ്പറമ്പ് വീട്ടിൽ ആരിഫ (67) അതിദാരിദ്ര്യ മുക്ത പദ്ധതിയിലില്ല. വിധവ, ഹൃദ്രോഗം ഉൾപ്പെടെ രോഗങ്ങൾക്കു മരുന്നു കഴിക്കുന്നയാൾ, പരസഹായം ഇല്ലാത്ത വ്യക്തി; ഇതെല്ലാമായിട്ടും ആരിഫയ്ക്കു സ്ഥലവും വീടും ഇതുവരെയും ലഭിച്ചില്ല. മത്സ്യത്തൊഴിലാളിയായിരുന്ന ഭർത്താവ് ആനന്ദൻ കോവിഡ് കാലത്തു രോഗം ബാധിച്ച് മരിച്ചു.
ചായക്കടയിൽ പണിക്കു പോയാണ് ആരിഫ രണ്ടു പെൺമക്കളെ വളർത്തിയത്.
രണ്ടുപേരും വിവാഹിതരായെങ്കിലും മൂത്ത മകളുടെ ഭർത്താവ് മരിച്ചു. ഇളയ മകളുടെ ഭർത്താവ് രോഗിയാണ്.
അരിഫയ്ക്കു മരുന്നിനു മാത്രം 8000 രൂപ വേണം. വീട് ലഭിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആരിഫ പോകാത്ത ഓഫിസുകളില്ല. നഗരസഭ അതിദാരിദ്ര്യ മുക്ത പദ്ധതിയിൽ ചേർക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് ആരിഫ പറയുന്നു.
30 വർഷം ലക്ഷ്മി ഇപ്പോഴും വാടകയ്ക്ക്
റെയിൽവേ സ്റ്റേഷൻ വാർഡിൽ കടൽത്തീരത്ത് പല വീടുകളിൽ 30 വർഷത്തിലേറെയായി വാടകയ്ക്കു താമസിക്കുന്ന വട്ടത്തിൽ പറമ്പിൽ ലക്ഷ്മി (57) 2010 മുതൽ സ്വന്തമായൊരു വീടിനായുള്ള ഓട്ടത്തിലാണ്.
ഭർത്താവ് ഉപേക്ഷിച്ചു. ഏക മകൻ അപകടത്തിൽ മരിച്ചതോടെ ഹൃദ്രോഗിയായ ലക്ഷ്മി ഒറ്റയ്ക്കായി.
വീട്ടുജോലി ചെയ്താണു കഴിയുന്നത്. ലൈഫ് പദ്ധതിയിൽ വീട് തരാമെന്നുള്ള അധികൃതരുടെ ഉറപ്പ് വെറുംവാക്കായി.
അതിദാരിദ്ര്യ മുക്ത പദ്ധതിയിൽ ചേർക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും പരിഗണിച്ചില്ലെന്നും ലക്ഷ്മി പറഞ്ഞു.
15 വർഷം തണലില്ലാതെ രഞ്ജിതയും കുടുംബവും
ഭർത്താവ് മരിച്ചതോടെ രഞ്ജിത 15 വർഷമായി ആലപ്പുഴ ബീച്ചിൽ ബന്ധുക്കളുടെ സഹായത്തിൽ കഴിയുകയാണ്. വീട്ടുജോലിക്കു പോയാണു മക്കളെ വളർത്തുന്നത്.
നഗരസഭയിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ഇതുവരെയും പരിഗണിച്ചില്ല.
അതിദാരിദ്ര്യ മുക്ത പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ, അവഗണിച്ചെന്നു രഞ്ജിത സങ്കടത്തോടെ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

