ഹരിപ്പാട് ∙ വാഹനങ്ങൾ ഇടിച്ച് റെയിൽവേ ഗേറ്റുകൾ തകരാറിലായതോടെ ട്രെയിൻ ഗതാഗതം ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു. നങ്ങ്യാർകുളങ്ങര–മാവേലിക്കര റോഡിൽ നങ്ങ്യാർകുളങ്ങര റെയിൽവേ ഗേറ്റിലും ചേപ്പാട് കാഞ്ഞൂർ ഗേറ്റിലുമാണ് വാഹനങ്ങൾ ഇടിച്ചത്. നങ്ങ്യാർകുളങ്ങര റെയിൽവേ ഗേറ്റിൽ ഇന്നലെ വൈകിട്ട് 6.50 ന് ടിപ്പർ ലോറി ഇടിച്ചാണ് ഗേറ്റ് തകർന്നത്.
കൊച്ചുവേളി-മൈസൂർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ കടന്നുപോകാൻ ഗേറ്റ് അടയ്ക്കുന്നതിനിടയിൽ മുട്ടം ഭാഗത്ത് നിന്ന് വന്ന ടിപ്പർ ലോറി ഗേറ്റിന്റെ ബൂമിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൂം റെയിൽവേയുടെ വൈദ്യുത ലൈനിൽ തട്ടി നിന്നതോടെ വൈദ്യുതി ബന്ധം നിലച്ചു. ഇതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ഗേറ്റ് കീപ്പർ വിവരം ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയും യാത്രക്കാരെയും വാഹനങ്ങളും ഗേറ്റിനു സമീപത്തു നിന്ന് മാറ്റുകയും ചെയ്തു. ജനശതാബ്ദി അമ്പലപ്പുഴയിലും കൊച്ചുവേളി-മൈസൂർ സൂപ്പർ ഫാസ്റ്റ് ഹരിപ്പാടിനും ചേപ്പാടിനും ഇടയിലും ഷാലിമാർ ചേപ്പാട് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടു.
കായംകുളത്തു നിന്നു ഇലക്ട്രിക് ലൈനിലെ തകരാർ പരിഹരിക്കുന്ന ടവർ കാറിൽ ജീവനക്കാർ എത്തിയാണ് ലൈനിലെ തകരാർ പരിഹരിച്ചത്. 7.56ന് ലൈനിലെ പണികൾ പൂർത്തിയാക്കി.
8 മണിയോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. നങ്ങ്യാർകുളങ്ങര–മാവേലിക്കര റോഡിൽ വാഹന ഗതാഗതം പൂർണമായും നിലച്ചു. ഗേറ്റിന്റെ തകരാർ പരിഹരിച്ച് വാഹന ഗതാഗതം ആരംഭിക്കാൻ താമസം ഉണ്ടാകുമെന്ന് റെയിൽവേ ജീവനക്കാർ പറഞ്ഞു.
രാത്രി വൈകിയും പണി നടക്കുകയാണ്.
രാത്രി എട്ടരയോടെ ചേപ്പാട് കാഞ്ഞൂർ ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് വാൻ തട്ടി ഗേറ്റ് തകരാറിലായത്. അതോടെ സിഗ്നലിന് തകരാർ സംഭവിച്ചു.
നങ്ങ്യാർകുളങ്ങര റെയിൽവേ ഗേറ്റിലുണ്ടായിരുന്ന ജീവനക്കാർ വേഗം പ്രശ്നം പരിഹരിച്ചതിനാൽ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. ഗേറ്റിൽ ഇടിച്ച വാൻ നിർത്താതെ പോയി.
ഗേറ്റ് തുറക്കാൻ കഴിയാത്ത സ്ഥിതിയിലായതിനാൽ കാഞ്ഞൂർ – മുട്ടം റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു. വാഹന ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരെ വലച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

