ചെങ്ങന്നൂർ ∙ അമൃത് ഭാരത് പദ്ധതിയിൽ റെയിൽവേ സ്റ്റേഷൻ പുനർനിർമാണത്തിനു ടെൻഡർ തുറന്ന് റെയിൽവേ. 98.46 കോടി രൂപ ചെലവിലാണ് സ്റ്റേഷൻ വികസനം നടപ്പാക്കുന്നത്. എൻജിനീയറിങ്, പ്രൊക്യൂർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ രീതിയിലാണ് പദ്ധതി നടപ്പാക്കുക. ടെൻഡർ കരാറുകാർ ഏറ്റെടുത്താൽ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവ സീസൺ സമാപിക്കുന്നതിനു പിന്നാലെ പഴയ കെട്ടിടം പൊളിച്ചുനീക്കും. പദ്ധതിയുടെ ഭാഗമായി പുതിയ ടെർമിനൽ കെട്ടിടം, പിൽഗ്രിം ഷെൽറ്റർ, വിശാലമായ കോൺകോർസ്, പുതിയ ഫുട് ഓവർബ്രിജ്, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, സർഫേസ് പാർക്കിങ്, പ്ലാറ്റ്ഫോം നവീകരണം, സർക്കുലേറ്റിങ് ഏരിയ വികസനം എന്നിവ ഉൾപ്പെടും.
സ്റ്റേഷൻ വികസനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
വെളിച്ചമേറിയെന്ന് റെയിൽവേ
∙സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വെളിച്ച സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. മുൻപ് 160 ലക്സ് ആയിരുന്ന ലൈറ്റിങ് നിലവാരം 170 ലക്സായി ഉയർത്തിയതായും അധിക ലൈറ്റുകൾ സ്ഥാപിച്ചതായും റെയിൽവേ വ്യക്തമാക്കി. ഇതോടൊപ്പം യാത്രക്കാരുടെ സൗകര്യത്തിനായി ഫാനുകൾ, ചാർജിങ് സോക്കറ്റുകൾ, വാട്ടർ കൂളറുകൾ എന്നിവയും അധികമായി ഒരുക്കിയിട്ടുണ്ട്. ചെങ്ങന്നൂർ എൻഎസ്ജി-3 വിഭാഗത്തിൽപെടുന്ന സ്റ്റേഷനായതിനാൽ, യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് പ്ലാറ്റ്ഫോം ഷെൽറ്ററുകൾ, ശുദ്ധജല സംവിധാനം, ശുചിമുറികൾ, ഇരിപ്പിടങ്ങൾ എന്നിവ റെയിൽവേ ബോർഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

