ആലപ്പുഴ∙ കൊച്ചുവീട്ടിലെ ജീവിതം ഇരുളടയാതിരിക്കാൻ പത്തുവയസ്സുകാരി ഗൗരിയും ഏഴു വയസ്സുകാരി ശരണ്യയും പ്രകാശം പരത്തുന്നു, എൽഇഡി ബൾബ് നിർമാണത്തിലൂടെ. കൈക്ക് പരുക്കേറ്റ് അച്ഛനു തൊഴിലെടുക്കാൻ പറ്റാതായപ്പോഴാണ് അതേ ജോലി കുട്ടികൾ ഏറ്റെടുത്തത്.
മുത്തശ്ശി കൂടി ഉൾപ്പെട്ട നാലംഗ കുടുംബത്തെ ഇവർ അഭിമാനത്തോടെ പോറ്റുകയാണ്. മണ്ണഞ്ചേരി പൊന്നാട് വാത്തിശേരി ചിറയിൽ ഇലക്ട്രിഷ്യനായ വി.ജി.ഗവേഷിന്റെ മക്കളാണ് ഗൗരിയും ശരണ്യയും.
രണ്ടു വർഷം മുൻപ് ഒരു സംഘട്ടനത്തിനിടയിൽ പെട്ടു നെഞ്ചിലും വയറ്റിലും ഗവേഷിനു കുത്തേറ്റു.
ശസ്ത്രക്രിയയും തുടർചികിത്സകളും മൂലം വീടുപണി നിലച്ചു. ആയാസമുള്ള ജോലികൾ വയ്യ.
തുടർന്ന് ബാങ്ക് വായ്പയെടുത്ത് എൽഇഡി ബൾബ്, ട്യൂബ് ലൈറ്റ് നിർമാണ സംരംഭം വാടകവീട്ടിൽ തുടങ്ങി. ബൾബിനുള്ള അസംസ്കൃത വസ്തുക്കൾ ഡൽഹിയിൽ നിന്നു വാങ്ങാൻ സുമനസ്സുകളും സഹായിച്ചു.
അതിനിടെ അടുത്ത അപകടം. ഏണിയിൽ നിന്നു വീണു ഗവേഷിന്റെ ഒരു കൈപ്പത്തി തിരിഞ്ഞുപോയി.
അതോടെ കുടുംബം പ്രതിസന്ധിയിലായി. വീട്ടുവാടക കൊടുക്കാൻ പോലും നിവൃത്തിയില്ല.
മൂന്നാം ക്ലാസിലെ അവധിക്ക് അച്ഛനൊപ്പമിരുന്ന് കൗതുകത്തോടെ ബൾബ് നിർമാണം പഠിച്ച ഗൗരി രണ്ടു മാസം മുൻപ് അതൊരു തൊഴിലായി ഏറ്റെടുത്തു.
സോൾഡറിങ് അയൺ ഉൾപ്പെടെ കുഞ്ഞിക്കൈകൾക്കു വഴങ്ങി. ബൾബുകൾ പാക്കറ്റിലാക്കി പെട്ടിയിൽ അടുക്കാൻ കുഞ്ഞനിയത്തി ശരണ്യയും.
ഇതു ഗവേഷ് കടകളിൽ വിൽപനയ്ക്കെത്തിക്കും. മുഹമ്മ ആര്യക്കര എബി വിലാസം എച്ച്എസ്എസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണു ഗൗരി.
ശരണ്യ പൊന്നാട് ഗവ.എൽപി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയും. സ്കൂളിൽ നിന്നെത്തി അന്നത്തെ പഠനം കഴിഞ്ഞ ശേഷമാണു ബൾബ് നിർമാണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

