ചെങ്ങന്നൂർ ∙ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രണം, ശുദ്ധജലം, ശുചിമുറികൾ, കാത്തിരിപ്പ് മുറികൾ, പൊലീസ്–വൊളന്റിയർ വിന്യാസം, അടിയന്തര ചികിത്സാ സൗകര്യം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള ക്രമീകരണങ്ങൾ കൊടിക്കുന്നിൽ സുരേഷ് എംപി വിലയിരുത്തി. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർക്കൊപ്പമാണ് സ്റ്റേഷനിൽ റെയിൽവേ ഒരുക്കുന്ന സൗകര്യങ്ങൾ എംപി വിലയിരുത്തിയത്.
മതിയായ റിസർവേഷൻ കൗണ്ടറുകൾ, ഇതര സംസ്ഥാന ഭാഷകൾ സംസാരിക്കാൻ കഴിയുന്ന ഇൻഫർമേഷൻ ഓഫിസ് ജീവനക്കാർ, വിശ്രമസൗകര്യങ്ങൾ, ശുദ്ധജലം, മൊബൈൽ ചാർജിങ് പോയിന്റുകൾ, ശുചിമുറികൾ, വിരി വയ്ക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങൾ തീർഥാടനം ആരംഭിക്കുന്ന ആദ്യദിനം മുതൽ പൂർണമായി പ്രവർത്തനക്ഷമമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
വെജിറ്റേറിയൻ ഭക്ഷണശാല അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.യാത്രക്കാരുടെയും അയ്യപ്പഭക്തരുടെയും സുരക്ഷയ്ക്കായി അധിക ആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും തിരക്ക് നിയന്ത്രണം, മാലിന്യ സംസ്കരണം, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ സംസ്ഥാന സർക്കാർ വകുപ്പുകളുമായി ചേർന്ന് ഏകോപിത പ്രവർത്തനം നടത്തണമെന്നും എംപി ഡിവിഷനൽ റെയിൽവേ മാനേജരോട് ആവശ്യപ്പെട്ടു.ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് സൗകര്യം ചെങ്ങന്നൂരിൽ തന്നെ ആരംഭിക്കണമെന്ന് എംപി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധിയോട് ആവശ്യപ്പെട്ടു.
സ്പെഷൽ ട്രെയിനുകൾ കോട്ടയത്ത് യാത്ര അവസാനിപ്പിക്കാതെ തിരുവനന്തപുരം നോർത്ത് അല്ലെങ്കിൽ കൊല്ലം ജംക്ഷൻ വരെ നീട്ടണമെന്ന് എംപി ഡിവിഷനൽ റെയിൽവേ മാനേജരോട് ആവശ്യപ്പെട്ടു.പുനലൂർ വഴി വരുന്ന ട്രെയിനുകൾ കോട്ടയം വരെ സർവീസ് നടത്തണമെന്നും എല്ലാ ശബരിമല സ്പെഷൽ ട്രെയിനുകൾക്കും കോട്ടയത്തിനും കൊല്ലത്തിനും ഇടയിൽ ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഏർപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.
ചർച്ചയായി ‘മനോരമ’ ചൂണ്ടിക്കാട്ടിയ വിഷയങ്ങളും
ശബരിമലയുടെ കവാടം എന്നു പേരുണ്ടെങ്കിലും അതിനു തക്ക സൗകര്യങ്ങൾ സ്റ്റേഷനിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടി മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയിലെ വിഷയങ്ങളും അവലോകനയോഗത്തിൽ ചർച്ചയായി.
പ്ലാറ്റ്ഫോമിലെ ചോർച്ച പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് എംപി നിർദേശിച്ചു. പോർച്ച് ഇല്ലാത്തതിനാൽ യാത്രക്കാർക്കു മഴ നനയാതെ സ്റ്റേഷനിലേക്കു കയറാനോ ഇറങ്ങാനോ കഴിയുന്നില്ലെന്ന കാര്യം അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി ഡി.വിജയകുമാർ ചൂണ്ടിക്കാട്ടി.
വൈദ്യുതി സൗജന്യമാക്കണമെന്ന് ആവശ്യം
സീസണിൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും സ്റ്റാളുകൾക്ക് റെയിൽവേ വൈദ്യുതി ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. അതുപോലെ ഡിപ്പോസിറ്റ് ഇനത്തിൽ ഈടാക്കുന്ന തുക മടക്കി നൽകുന്നില്ലെന്നും ആരോപണമുയർന്നു. അവലോകന യോഗത്തിൽ ചെങ്ങന്നൂർ ആർഡിഒ: ടി.ഐ.വിജയസേനൻ, ഡിവൈഎസ്പി: എം.കെ.ബിനുകുമാർ, നഗരസഭാധ്യക്ഷ ശോഭ വർഗീസ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി ഡി.വിജയകുമാർ, അയ്യപ്പസേവാസമാജം ജില്ലാ സെക്രട്ടറി പാണ്ടനാട് രാധാകൃഷ്ണൻ, റെയിൽവേ സ്റ്റേഷൻ മാനേജർ പി.എസ്.സജി എന്നിവർ പ്രസംഗിച്ചു.
പ്രധാന തീരുമാനങ്ങൾ
∙സ്റ്റേഷനിലെ അടിയന്തര അറ്റകുറ്റപ്പണികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും.
∙അമൃത് ഭാരത് പദ്ധതിയിൽ സ്റ്റേഷന്റെ നവീകരണം തീർഥാടകർക്ക് ബുദ്ധിമുട്ടാകാത്ത തരത്തിൽ തുടങ്ങും.
∙റിസർവേഷൻ, ആർപിഎഫ് എന്നിങ്ങനെ വിവിധ തലങ്ങളിൽ കൂടുതൽ ജീവനക്കാരെ വിന്യസിക്കും.
∙ജല അതോറിറ്റി 5 ടാപ്പുകൾ സ്റ്റേഷനിൽ സ്ഥാപിക്കും.
∙പൊലീസ് കൺട്രോൾ റൂം, എയ്ഡ്പോസ്റ്റ്, പ്രീപെയ്ഡ് ഓട്ടോ–ടാക്സി കൗണ്ടർ എന്നിവ പ്രവർത്തിപ്പിക്കും. ∙നഗരസഭയുടെ ഇൻഫർമേഷൻ കൗണ്ടർ പ്രവർത്തിക്കും.
ട്രെയിനുകൾക്ക് സ്റ്റോപ്: കെ.സി.വേണുഗോപാൽ കത്തു നൽകി
ആലപ്പുഴ∙ മണ്ഡലകാല തിരക്ക് പരിഗണിച്ച് കോട്ടയം, പുനലൂർ റൂട്ടുകളിൽ സർവീസ് നടത്തുന്ന എല്ലാ ശബരിമല സ്പെഷൽ ട്രെയിനുകൾക്കും കായംകുളം, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്തു നൽകി.
ശബരിമല ഭക്തർ ആശ്രയിക്കുന്ന സ്റ്റേഷനുകളാണിവ. അയ്യപ്പ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉൾപ്പെടെ ഈ സ്റ്റേഷനുകളിൽ ക്രമീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

