സൈബർ ലോകത്തെ പുതിയ തട്ടിപ്പുമേഖലകളിൽ ഏറ്റവും കൂടുതൽ ഇരയാകുന്നത് മുതിർന്ന പൗരന്മാരാണെന്ന് കണ്ടെത്തൽ. ദിനംപ്രതി നൂതന മാർഗങ്ങളാണ് കുറ്റവാളികൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
ഇതിൽ അതീവ ജാഗ്രത പുലർത്തുന്നവർ പോലും പലപ്പോഴും കബളിപ്പിക്കപ്പെടുന്നുണ്ട്. വലിയ സാമ്പത്തിക നഷ്ടത്തിന് പുറമെ കടുത്ത മാനസിക സമ്മർദ്ദവും സമൂഹത്തിന് മുന്നിൽ അപഹാസ്യരാകുമെന്ന ഭയവും കാരണം പലരും ഇത്തരം ചതിക്കുഴികൾ പുറത്തുപറയാറില്ല.
എവിടെ, എങ്ങനെ പരാതി നൽകണം എന്നതിനെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തതും കുറ്റവാളികൾക്ക് അനുകൂലമാകുന്നു. സൈബർ കെണികളെയും അവയിൽ നിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളെയും കുറിച്ച് ബോധവൽക്കരണം നടത്തുന്ന പ്രത്യേക പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്.
കാലത്തിനനുസരിച്ച് കുറ്റകൃത്യങ്ങളുടെ രീതികളും ആധുനികവൽക്കരിക്കപ്പെട്ടിട്ടുണ്ട്. പോക്കറ്റിലോ പഴ്സിലോ പണം സൂക്ഷിക്കുന്ന രീതി മാറി ഡിജിറ്റൽ ഇടപാടുകൾ സജീവമായതോടെ ഹൈടെക് തട്ടിപ്പുകളാണ് അരങ്ങേറുന്നത്.
സാങ്കേതികവിദ്യയിലെ മാറ്റങ്ങളെക്കുറിച്ച് അവബോധമില്ലാത്തവരാണ് പലപ്പോഴും ഇത്തരം കെണികളിൽ അകപ്പെടുന്നത്. കഴിഞ്ഞ മാസം 6ന് കേന്ദ്ര ആഭ്യന്തര വകുപ്പ് രാജ്യസഭയിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, മുതിർന്ന പൗരർ മാത്രം ഇരകളായ 1,03,488 സൈബർ കേസുകളാണ് 2025 വർഷത്തിൽ രാജ്യത്തുടനീളം റജിസ്റ്റർ ചെയ്യപ്പെട്ടത്.
ഇതിലൂടെ മാത്രം ഏകദേശം 4,050 കോടി രൂപയാണ് നഷ്ടമായത്. സ്മാർട്ട്ഫോൺ അടക്കമുള്ള ആധുനിക സാങ്കേതിക ഉപകരണങ്ങളെ അന്ധമായി വിശ്വസിക്കുന്ന സ്വഭാവം മുതിർന്ന പൗരന്മാരിൽ കൂടുതലായി കണ്ടുവരുന്നുണ്ട്.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെയും വിദേശത്ത് ജോലി ചെയ്ത് മടങ്ങിവന്ന് വിശ്രമജീവിതം നയിക്കുന്നവരെയുമാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. സർവീസിൽ നിന്ന് വിരമിക്കുമ്പോൾ ലഭിക്കുന്ന തുകയും വിദേശ സമ്പാദ്യവും വസ്തുവകകൾ വിറ്റുകിട്ടുന്ന പണവുമെല്ലാം ഇവരുടെ കൈവശമുണ്ടാകുമെന്ന കണക്കുകൂട്ടലാണ് കുറ്റവാളികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
തങ്ങൾക്ക പറ്റിയ അബദ്ധം കുടുംബാംഗങ്ങൾ അറിഞ്ഞാൽ കുറ്റപ്പെടുത്തുമെന്ന ലജ്ജയും ഭയവും ഇവർ ആരോടും വിവരം പറയാതിരിക്കാൻ കാരണമാകുന്നു. സംസ്ഥാനത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, കേരളത്തിലെ ആകെ ജനസംഖ്യ 3.5 കോടി വരുമ്പോൾ അതിൽ 60 വയസ്സിനു മുകളിലുള്ളവർ 18% മുതൽ 20% വരെയാണ് (ഏകദേശം 60 ലക്ഷം മുതൽ 70 ലക്ഷം വരെ ആളുകൾ).
ഇതിൽ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്ന മുതിർന്ന പൗരന്മാരുടെ എണ്ണം 27 ലക്ഷം മുതൽ 35 ലക്ഷം വരെയാണ്. ഇവരിലെ 55% പേരും എടിഎം കാർഡുകൾ ഉപയോഗിക്കുമ്പോൾ 45% ആളുകളും യുപിഐ ഇടപാടുകൾ കൈകാര്യം ചെയ്യുന്നവരാണ്.
ആലപ്പുഴ ജില്ലയിൽ മാത്രം ഒരു വർഷത്തിനിടെ വൻ തുകയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായിട്ടുള്ളത്. 2025 മേയ് മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങളിലൂടെ നഷ്ടപ്പെട്ടത് 48.29 കോടി രൂപയാണ്.
ഈ കാത്തിയളവിൽ ആകെ 2,531 പരാതികളാണ് ലഭിച്ചത്. എന്നാൽ കൃത്യസമയത്ത് പരാതി നൽകാൻ സാധിച്ചതും പൊലീസിന്റെ സജീവമായ ഇടപെടലും മൂലം 12.42 കോടി രൂപ തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുണ്ട്.
ഡിജിറ്റൽ അറസ്റ്റ്, വ്യാജ ജോലി വാഗ്ദാനം, ഓൺലൈൻ ട്രേഡിങ്, ഡീപ് ഫേക് സാങ്കേതികവിദ്യയുടെ ദുരുപയോഗം, ഓൺലൈൻ ലോൺ ആപ്പുകൾ, സമ്മാന വാഗ്ദാനങ്ങൾ തുടങ്ങി വിവിധ രൂപത്തിലാണ് ജില്ലയിൽ തട്ടിപ്പുകൾ അരങ്ങേറിയത്. ഇതിൽ ഡിജിറ്റൽ അറസ്റ്റും ഫോൺ ഹാക്കിങ്ങും സമൂഹമാധ്യമങ്ങളിലൂടെയുള്ള കബളിപ്പിക്കലുകളുമാണ് വയോജനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രധാന രീതികൾ.
ഇത്തരം വഞ്ചനകളുടെ യഥാർത്ഥ ചിത്രവും അവയിൽ നിന്ന് എങ്ങനെ സ്വയം പ്രതിരോധം തീർക്കാം എന്നതും നാളത്തെ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. പൊലീസിന്റെ ജാഗ്രതാ നിർദ്ദേശം
ഓൺലൈൻ വഴിയുള്ള വ്യാജ ലോൺ ആപ്പ് തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, യാതൊരു കാരണവശാലും വ്യക്തിഗത വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ കർശനമായി പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിന് ഇരയായാൽ ഒട്ടും വൈകാതെ തന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ അല്ലെങ്കിൽ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ മുഖേനയോ വിവരം അറിയിക്കേണ്ടതാണ്.
കൂടാതെ ലഭ്യമായ മുഴുവൻ തെളിവുകളുമായി സമീപത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ പൊലീസിലോ നേരിട്ട് പരാതി നൽകേണ്ടതാണ്.
(തുടരും)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

