വിവാഹ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ തയാറെടുക്കുന്ന പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം പകർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ കുറവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് രാവിലെ സ്വർണത്തിന് ഗ്രാമിന് 280 രൂപയാണ് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 13,935 രൂപയായി താഴ്ന്നു. പവൻ വിലയിൽ 2,240 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,11,480 രൂപയാണ്. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ പവന് 1,20,240 രൂപ വരെ എത്തിയിരുന്നു.
ഈ ഉയർന്ന നിരക്കിൽ നിന്നും ഇതുവരെ ഏകദേശം 8,800 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, സ്വർണം സുരക്ഷിത നിക്ഷേപമായി കണ്ട് വൻതോതിൽ മുതൽമുടക്കിയവർക്ക് ഈ വിലയിടിവ് കനത്ത തിരിച്ചടിയായിട്ടുണ്ട്.
അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണം വിറ്റോ പണയം വച്ചോ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ ലക്ഷ്യമിടുന്നവർക്കും പുതിയ വിപണി സാഹചര്യം വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലുണ്ടായ ‘ട്രിപ്പിൾ’ ഷോക്കിനെത്തുടർന്ന് മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് വില കൂപ്പുകുത്തിയതാണ് കേരളത്തിലെ വിപണിയെയും നേരിട്ട് സ്വാധീനിച്ചത്.
വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങൾ: 1. ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും ശക്തമായതിനെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 96 ഡോളർ വരെ ഉയർന്നു.
ഇത് ലോകമെമ്പാടുമുള്ള പണപ്പെരുപ്പ ഭീതി വർധിപ്പിച്ചു. 2.
അമേരിക്കയിൽ പലിശ നിരക്ക് വീണ്ടും ഉയരാനുള്ള സാധ്യതകൾക്ക് ഇന്ധന വിലക്കയറ്റവും പണപ്പെരുപ്പ ആശങ്കകളും കൂടുതൽ കരുത്ത് പകർന്നു. 3.
അമേരിക്കയിലും ജപ്പാനിലുമെല്ലാം ബോണ്ട് യീൽഡ് അഥവാ കടപ്പത്ര ആദായനിരക്ക് കുതിച്ചുയരുകയാണ്. സ്വർണത്തേക്കാൾ കൂടുതൽ ആദായം ബോണ്ടുകൾ നൽകുമെന്ന് കരുതുന്ന നിക്ഷേപകർ, ഗോൾഡ് ഇടിഎഫുകളിൽ നിന്നും മറ്റും വലിയ തോതിൽ പണം പിൻവലിച്ച് ബോണ്ടുകൾ വാങ്ങിക്കൂട്ടുന്ന പ്രവണത ശക്തമാക്കിയിട്ടുണ്ട്.
ഇത് സ്വർണത്തിന്റെയും ഓഹരികളുടെയും തിളക്കം കുറയ്ക്കുന്നു. ആഗോള വിപണിയിൽ സ്വർണ വ്യാപാരം ഡോളറിലാണ് നടക്കുന്നത്.
ഡോളർ കൂടുതൽ കരുത്താർജ്ജിക്കുമ്പോൾ ഇന്ത്യയെപോലുള്ള വികസ്വര രാജ്യങ്ങൾക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു. ഇത് രാജ്യത്തിനകത്തെ സ്വർണത്തിന്റെ ഡിമാൻഡിനെ സാരമായി ബാധിക്കുന്നുണ്ട്.
അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് പിന്നിലെ പ്രധാന കാരണവും ഇതുതന്നെയാണ്. സ്വർണ ഇറക്കുമതി അനിയന്ത്രിതമായി കൂടിയാൽ അത് ഇന്ത്യയുടെ വിദേശനാണയ ശേഖരത്തെയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും പ്രതികൂലമായി ബാധിക്കുകയും രൂപയുടെ മൂല്യം ഇടിയാൻ കാരണമാവുകയും ചെയ്യും.
ഈ പ്രതികൂല ആഗോള സാഹചര്യങ്ങളെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 100 ഡോളറിലേറെ ഇടിഞ്ഞ് 4,300 ഡോളർ നിലവാരത്തിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച ഇത് ഏകദേശം 4,650 ഡോളർ ആയിരുന്നു.
ആഗോള വിപണിയിലെ പ്രതിസന്ധികൾ ഇനിയും തുടർന്നാൽ രാജ്യാന്തര സ്വർണവില 3,920 ഡോളറിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുകൾ ഉണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ കേരളത്തിലെ പവൻ വില നിലവിലെ 1.11 ലക്ഷം രൂപയിൽ നിന്ന് 1.05 ലക്ഷം രൂപയിലേക്ക് വീഴാൻ ഇടയുണ്ട്.
ഇന്ന് കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 230 രൂപ കുറഞ്ഞ് 11,450 രൂപയായിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ ട്രെൻഡിന് പിന്നാലെ വെള്ളിവിലയും താഴേക്ക് നീങ്ങുകയാണ്.
രാജ്യാന്തര വിപണിയിൽ വെള്ളിയുടെ വില ഔൺസിന് 1.7 ശതമാനം താഴ്ന്ന് 63.7 ഡോളർ ആയി. കേരളത്തിൽ വെള്ളിയുടെ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 245 രൂപയിലെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

