കഴിഞ്ഞ വർഷത്തെ ഓണക്കാലവുമായി താരതമ്യം ചെയ്യുമ്പോൾ വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ വരവിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഡിടിപിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോട് തടാകം, പഴശ്ശി പാർക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, പഴശ്ശി സ്മാരകം, ചീങ്ങേരി, കർലാട്, കാന്തൻപാറ വെള്ളച്ചാട്ടം തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ സാന്നിധ്യം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സന്ദർശകരുടെ എണ്ണത്തിൽ ഇടിവുണ്ടായെങ്കിലും പൂക്കോട് തടാക കേന്ദ്രത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനം വർധിച്ചിട്ടുണ്ട്. പൂക്കോട്ട് ബോട്ടിങ് ഉൾപ്പെടെയുള്ള വിനോദസൗകര്യങ്ങൾ വർധിപ്പിച്ചതാണ് ഇതിന് കാരണമായതെന്ന് ടൂറിസം വകുപ്പ് അധികൃതർ വിശദീകരിച്ചു.
എന്നാൽ, മറ്റ് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകരുടെ എണ്ണവും വരുമാനവും കുറയുന്ന സാഹചര്യമാണ് ഉണ്ടായത്. എടയ്ക്കൽ ഗുഹാ കേന്ദ്രത്തിലും സന്ദർശകരും വരുമാനവും കുറഞ്ഞതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് സംഭവിച്ചത്. മുൻകാലങ്ങളിലെപ്പോലെ വിനോദസഞ്ചാരികൾ എത്തിയിരുന്നെങ്കിൽ മികച്ച വരുമാനം നേടാൻ സാധിക്കുമായിരുന്നു എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധികൾ ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലുണ്ടായ വരുമാന നഷ്ടത്തിനും സന്ദർശകരുടെ കുറവിനും പ്രധാന കാരണം കള്ളാടി മണ്ണിടിച്ചിലും ചുരം റോഡിലെ ഗതാഗത തടസ്സവുമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കള്ളാടിയിലെ മണ്ണിടിച്ചിൽ വയനാടിനെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്നമായാണ് മറ്റ് ജില്ലകളിലുള്ളവർ വിലയിരുത്തിയത്.
വയനാട്ടിലെ റിസോർട്ട്, ടാക്സി, ടൂറിസ്റ്റ് ബസ് ഉടമകളും സമാനമായ അഭിപ്രായമാണ് പങ്കുവെക്കുന്നത്. ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം വിനോദസഞ്ചാരികൾക്ക് 5 ഉം 6 ഉം മണിക്കൂറാണ് വഴിയിൽ കിടക്കേണ്ടി വരുന്നത്.
ഈ സാഹചര്യം കണക്കിലെടുത്ത് പല സഞ്ചാരികളും വയനാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കുകയായിരുന്നു. ചുരത്തിന് പകരമായി ബദൽ പാതകൾ നിർമ്മിക്കണമെന്നും, വയനാടിന്റെ ടൂറിസം സാധ്യതകൾ പുറംലോകത്ത് എത്തിക്കുന്നതിനായി ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്നും ശക്തമായ പ്രചാരണങ്ങൾ ഉണ്ടാകണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

