ടെഹ്റാൻ: ശത്രുരാജ്യങ്ങളുടെ ഏത് കടന്നാക്രമണങ്ങളെയും നേരിടാൻ സജ്ജരാകാൻ സൈന്യത്തിന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി കർശന നിർദ്ദേശം നൽകി. തിരിച്ചടി നൽകുന്നതിന് രാജ്യാതിർത്തികൾ പരിഗണിക്കേണ്ടതില്ലെന്നാണ് സേനാ മേധാവികളുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കിയത്.
ഇനി മുതൽ യുദ്ധം ആര് ആരംഭിച്ചാലും, അത് എപ്പോൾ, എങ്ങനെ അവസാനിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് ഇറാൻ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതുനിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾക്കും അഭ്യൂഹങ്ങൾക്കും പിന്നാലെയാണ് സൈനിക നേതൃത്വത്തിന്റെ അടിയന്തര യോഗം ചേർന്നത്.
മുജ്തബ ഖമനെയിക്ക് തീരുമാനങ്ങൾ എടുക്കാൻ ശേഷിയില്ലെന്ന അമേരിക്കൻ വാദങ്ങളെ തള്ളിക്കളയുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ആക്രമണം ഉണ്ടായാൽ ഒട്ടും വൈകാതെ ശക്തമായ തിരിച്ചടി നൽകാനാണ് സേനയ്ക്ക് ലഭിച്ചിരിക്കുന്ന ഉത്തരവ്.
അതേസമയം, സംഘർഷം ലഘൂകരിക്കുന്നതിനായുള്ള നയതന്ത്ര ചർച്ചകളും സജീവമായി നടക്കുന്നുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്ക് ചൈനയുടെ ഗ്യാരണ്ടിയിൽ ദോഹയിൽ വെച്ച് ധാരണയാകാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആവശ്യമെങ്കിൽ യുറേനിയം ശേഖരം കൈമാറാനോ അല്ലെങ്കിൽ അതിന്റെ ആയുധ ഗ്രേഡ് നിലവാരം താഴ്ത്താനോ ഇറാൻ തയ്യാറായേക്കുമെന്നാണ് വിവരം. എങ്കിലും, നിബന്ധനകളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നത്.
സൗദി അറേബ്യ ഉൾപ്പെടുന്ന മക്കാ കരാർ സഖ്യം നേരിട്ട് ടെഹ്റാനിലെത്തി നടത്തിയ ചർച്ചകളാണ് സമാധാന നീക്കങ്ങൾക്ക് വേഗത വർധിപ്പിച്ചത്. എന്നാൽ, യെമനിലെ ഹൂത്തി വിമതരും സൗദിയും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്ക് ഇതുവരെ പൂർണ്ണമായ മാറ്റം വന്നിട്ടില്ല.
ഇതിന്റെ ഭാഗമായി റിയാദിന് നേരെ ഇന്നും ആക്രമണ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

