കാസർഗോഡ് ജില്ലയിലെ കാര്യങ്കോട് തേജസ്വിനി പുഴയിൽ മഹാത്മാ ഗാന്ധി ട്രോഫി ജലമേള ഈ വർഷവും സംഘടിപ്പിക്കണമെന്ന ആവശ്യവുമായി കായിക പ്രേമികളും നാട്ടുകാരും രംഗത്ത്. ജില്ലാ ഭരണകൂടത്തിന്റെയും ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ ജനകീയ സംഘാടക സമിതിയുടെ കീഴിലാണ് എല്ലാ വർഷവും ഈ ജലോത്സവം നടത്തിവന്നിരുന്നത്.
കഴിഞ്ഞ തവണ ജില്ലയ്ക്ക് ലഭിച്ച ചാംപ്യൻസ് ട്രോഫി ലീഗ് മത്സരം സാങ്കേതിക തടസ്സങ്ങളെ തുടർന്ന് പാതിവഴിയിൽ നിലച്ചുപോയിരുന്നു. ഈ മത്സരം പിന്നീട് നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.
ഇത് മത്സരത്തിൽ പങ്കെടുത്ത ടീമുകൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഈ പശ്ചാത്തലത്തിലാണ് ഇത്തവണ ജലമേള കൃത്യമായി നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
അതേസമയം, പ്രശസ്തമായ നെഹ്റു ട്രോഫി ജലോത്സവത്തിൽ വിവിധ ചുണ്ടൻ വള്ളങ്ങളിൽ തുഴയുന്നതിനായി ജില്ലയിലെ തുഴച്ചിൽകാർ കുട്ടനാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു. തുഴച്ചിലിലെ വേഗതയാണ് ഇവിടുത്തെ താരങ്ങളുടെ പ്രത്യേകത.
കഴിഞ്ഞ നാല് വർഷമായി ജില്ലയിൽ നിന്ന് നൂറോളം തുഴച്ചിലുകാർ നെഹ്റു ട്രോഫി ജലോത്സവത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ആലപ്പുഴ, കൊല്ലം, കോട്ടയം മേഖലകളിലെ വിവിധ ബോട്ട് ക്ലബുകൾ ഇവിടത്തെ തുഴച്ചിലുകാരെ തേടിയെത്തി കരാർ ഒപ്പിട്ടാണ് മടങ്ങിയത്.
ജില്ലയ്ക്ക് സ്വന്തമായി ഒരു ചുണ്ടൻ വള്ളം ഉണ്ടെങ്കിൽ നെഹ്റു ട്രോഫി തന്നെ ഇവിടെയെത്തിക്കാൻ കഴിയുമെന്നാണ് ഇവിടുത്തെ തുഴച്ചിലുകാരുടെ ആത്മവിശ്വാസം. വർഷങ്ങളായി കാര്യങ്കോട് പുഴയിൽ നടക്കുന്ന ജലോത്സവം ഇത്തവണയും നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന ടൂറിസം അധികൃതരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും കേരളപ്പിറവി ദിനത്തിൽ ജലമേളയുടെ സംഘാടനം ഉറപ്പുവരുത്തുമെന്നും സന്ദീപ് വാരിയർ എംഎൽഎ വ്യക്തമാക്കി. എന്നാൽ, ഇത്തവണ ജലമേള സംഘടിപ്പിക്കുകയാണെങ്കിൽ മത്സരത്തിന്റെ ശൈലി മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
തെക്കൻ ജില്ലകളിലെ കായലുകളിൽ നടത്തുന്നതുപോലെ വേലിയേറ്റവും വേലിയിറക്കവുമുള്ള പുഴയിൽ സമയത്തിന്റെ അടിസ്ഥാനത്തിൽ മത്സരം നടത്തിയത് കൊണ്ടാണ് കഴിഞ്ഞ തവണ പ്രതിസന്ധിയുണ്ടായതെന്ന് വള്ളംകളി ടീമുകൾ ചൂണ്ടിക്കാണിക്കുന്നു. പുഴയുടെ ഒഴുക്കിനെക്കുറിച്ചറിയുന്നവരെ മാറ്റിനിർത്തി മറ്റ് ജില്ലകളിൽ നിന്നുള്ള ഒഫീഷ്യൽസിനെ കൊണ്ടുവന്ന് മത്സരം നടത്തിയതാണ് തിരിച്ചടിയായത്.
അതിനാൽ ഹീറ്റ്സ് മത്സരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ജലമേള നടത്തണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ, കഴിഞ്ഞ രണ്ട് വർഷമായി മത്സര വേദിയായിരുന്ന അച്ചാംതുരുത്തിയിൽ നിന്ന് ഇത്തവണ വേദി കാര്യങ്കോട്ടേക്ക് മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ദേശീയപാത നിർമാണം പൂർത്തിയായ സാഹചര്യത്തിൽ വർഷങ്ങളോളം ജലോത്സവത്തിന്റെ സ്ഥിരം വേദിയായിരുന്ന കാര്യങ്കോട്ട് തന്നെ മത്സരം നടത്തണമെന്ന് ആവശ്യപ്പെട്ട് ചെറുവത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് നേതൃത്വം സന്ദീപ് വാരിയർ എംഎൽഎക്ക് നിവേദനം സമർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

