സംസ്ഥാനത്ത് ബേക്കറി മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. പഞ്ചസാരയുടെയും മുട്ടയുടെയും വിലക്കയറ്റം വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
തൊടുപുഴ മേഖലയിലെ ബേക്കറി വ്യവസായത്തെയാണ് ഈ വിലക്കയറ്റം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വിപണിയിൽ പഞ്ചസാര വില കിലോയ്ക്ക് 50 രൂപ കടന്നുകഴിഞ്ഞു.
പാചകവാതക വിലവർധന തീർത്ത പ്രഹരത്തിന് പിന്നാലെയാണ് ഇപ്പോൾ പഞ്ചസാര വിലയും ഉയർന്നിരിക്കുന്നത്. ബേക്കറി പലഹാരങ്ങളുടെ ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നതിനാൽ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാണ് വ്യാപാരികൾ.
ജന്മദിനാഘോഷങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന ചടങ്ങുകളിലെയും ഒഴിവാക്കാനാവാത്ത ഘടകമായ കേക്കുകളുടെ നിർമ്മാണത്തെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കേക്കിന് പുറമെ ബിസ്കറ്റ്, ലഡു, ജിലേബി തുടങ്ങിയ മിക്ക ഉൽപ്പന്നങ്ങളുടെയും നിർമ്മാണച്ചെലവ് ഇതിനോടകം വർധിച്ചിട്ടുണ്ട്.
ഇത് സാധാരണക്കാരുടെ ആഘോഷങ്ങളുടെ ചെലവും വർധിപ്പിക്കും. കൂടാതെ, ബേക്കറി ഉൽപ്പന്നങ്ങളിൽ പ്രധാന ഘടകമായ മുട്ടയുടെ വില 8 രൂപയും കടന്നിരിക്കുകയാണ്.
മുൻപ് 6.50 രൂപ മുതൽ 7 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണ് ഈ വർധന. കോഴിത്തീറ്റയുടെ വില 500 രൂപയോളം വർധിച്ചതാണ് ഇതിന് പ്രധാന കാരണം.
നിലവിൽ 50 കിലോഗ്രാം തൂക്കമുള്ള ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപ നൽകേണ്ടി വരുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവിലുണ്ടായ കുറവും പ്രതിസന്ധി രൂക്ഷമാക്കി.
തമിഴ്നാട്ടിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ദിവസേന ലക്ഷക്കണക്കിന് മുട്ടകൾ ആവശ്യമായി വരുന്നുണ്ട്. കൂടാതെ നാമക്കലിൽ കടുത്ത ചൂട് കാരണം ഉത്പാദനത്തിൽ 15 ശതമാനം കുറവുണ്ടായതും കേരളത്തിലേക്കുള്ള വരവിനെ ബാധിച്ചു.
പെട്രോളിൽ എഥനോൾ കലർത്തി തുടങ്ങിയതും പഞ്ചസാര വില വർധനവിന് കാരണമായതായി മൊത്ത വ്യാപാരികൾ വ്യക്തമാക്കുന്നു. എഥനോൾ നിർമ്മാണത്തിനായി കരിമ്പ് ജ്യൂസ് വ്യാപകമായി ഉപയോഗിക്കുന്നത് പഞ്ചസാര ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറയ്ക്കുന്നുണ്ട്.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത് പ്രധാനമായും ബാധിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

