കൊച്ചിയിൽ കെ സുധാകരൻ എംപി വിളിച്ചുചേർത്ത ‘ഓപ്പറേഷൻ തൂഫാൻ’ യോഗത്തിൽ പങ്കെടുത്തയാൾ മദ്യപിച്ച് അക്രമം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശിയായ ഷിബു ആണ് ബാറിൽ മദ്യപിച്ചെത്തി വയോധികനെ ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പിടിയിലായത്.
ഇയാൾക്കെതിരെ നേരത്തെയും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഈ അക്രമ സംഭവത്തിൽ പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശി ഷമീർ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വാക്കേറ്റത്തിനിടെ ഷമീറിനെ കഴുത്തിന് പിടിച്ച് തള്ളുകയും, കൈവശമുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു. അക്രമത്തിൽ ഷിബുവിനൊപ്പം ഷിഹാബ് എന്നയാളും പങ്കാളിയായതായി റിപ്പോർട്ടുകളുണ്ട്.
കെ സുധാകരൻ കൊച്ചിയിൽ സംഘടിപ്പിച്ച യോഗം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായവരെയും മുൻ ഗുണ്ടകളെയും യോഗത്തിൽ അണിനിരത്താൻ ശ്രമിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്.
മട്ടാഞ്ചേരി ഹാരിസ്, റിയാസ്, പുലി നസീർ, ബിലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. പാർട്ടിക്കുള്ളിൽ സംഭവത്തിൽ കടുത്ത അതൃപ്തി പുകയുമ്പോഴും കെ സുധാകരൻ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇക്കാര്യത്തിൽ തങ്ങൾക്ക് അറിവില്ലെന്നും ഇത് അനൗദ്യോഗിക യോഗമാണെന്നുമാണ് എറണാകുളം ഡിസിസി നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ, സുധാകരനുമായി അടുത്ത ബന്ധമുള്ളവർ ഈ യോഗത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

