വിദേശത്ത് തൊഴിൽ വാഗ്ദാനം നൽകി വൻതുക തട്ടിയെടുത്ത കേസിൽ രണ്ടുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടിയിൽ ‘പ്ലാനറ്റ് ആൻഡ് ടൂർസ്’ എന്ന സ്ഥാപനം നടത്തിവന്ന മലപ്പുറം നിലമ്പൂർ പടികുളത്തുംപടി വീട്ടിൽ ഷഫ്ന (32), ഇവിടുത്തെ ജീവനക്കാരനും തൃശൂർ മുരിങ്ങൂർ തെക്കുമുറി കോനൂർ നാലുകെട്ടിൽ കടവിലെ വീട്ടുകാരനുമായ ഷഫീഖ് (49) എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതിയായ ഷഫീഖിനെ തൃശൂർ കൊറോട്ടി ലാൻഡ് ക്ലബിന് സമീപത്തുനിന്നും, രണ്ടാം പ്രതി ഷഫ്നയെ അവരുടെ വീട്ടിൽ നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയായ അജിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഓസ്ട്രേലിയയിൽ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 7,90,000 രൂപ വീതം ആവശ്യപ്പെട്ടതനുസരിച്ച് താനും ഭർത്താവ് അലക്സും പലപ്പോഴായി ബാങ്ക് മുഖാന്തരം ഇത്രയും തുക അയച്ചു നൽകിയെന്നും അജിത പൊലീസിനു മൊഴി നൽകി. ബന്ധു മുഖേന ലഭിച്ച നമ്പറിലേക്ക് ബന്ധപ്പെടുകയായിരുന്നു.
ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം നൽകി ദമ്പതികളിൽ നിന്ന് പലപ്പോഴായി 15,80,000 രൂപയും ഇവരുടെ ബന്ധുവിൽ നിന്ന് 5,40,000 രൂപയും പ്രതികൾ തട്ടിയെന്നാണ് പ്രധാന ആരോപണം. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചില്ല.
കഴിഞ്ഞ 10-ാം തീയതി നൽകിയ പരാതിയെ തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് ഇതേ സംഘം മറ്റൊരു വനിതയിൽ നിന്ന് അഞ്ചു ലക്ഷം രൂപയിലേറെ കൈപ്പറ്റിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായതിന് പിന്നാലെയാണ് സമാനമായ മറ്റൊരു തട്ടിപ്പ് കൂടി പുറത്തുവരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

