സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ മേഖലയാണ് മെഡിക്കൽ ഡിവൈസ് നിർമ്മാണ രംഗമെന്ന് അഗപ്പെ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ തോമസ് ജോൺ വ്യക്തമാക്കി. രാജ്യത്തെ മെഡിക്കൽ ഡിവൈസ് വ്യവസായ മേഖലയുടെ മൂല്യം 75,000 മുതൽ 80,000 കോടി രൂപ വരെയാണെന്നും, ഇതിൽ 15,000 കോടി രൂപയും കേരളത്തിൽ നിന്നാണെന്നത് ഈ രംഗത്ത് സംസ്ഥാനം കൈവരിച്ച വലിയ മുന്നേറ്റത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചിയിൽ നടന്ന ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1980കളിൽ തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വേരുകളിറങ്ങിയ ഈ വ്യവസായ മേഖലയിൽ നിലവിൽ 125ഓളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം ഏകദേശം 25,000ഓളം പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ മേഖലയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഈ വ്യവസായത്തിന് ഏറെ അനുകൂലമാണ്.
വൻകിട ഫാക്ടറികളെ അപേക്ഷിച്ച് മെഡിക്കൽ ഡിവൈസ് മേഖലയ്ക്ക് വലിയ രീതിയിലുള്ള മലിനീകരണ പ്രശ്നങ്ങളോ ഭീമാകാരമായ ഇൻഫ്രാസ്ട്രക്ചറോ ആവശ്യമില്ല.
300 മുതൽ 1,000 പേർക്ക് വരെ തൊഴിലെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള യൂണിറ്റുകൾ ഇവിടെ വിജയകരമായി ആരംഭിക്കാൻ കഴിയും. സംസ്ഥാനത്തെ ഭൂമി ലഭ്യതക്കുറവ് മുൻനിർത്തി നോക്കുമ്പോൾ, വലിയ പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കാത്ത ഇത്തരം സംരംഭങ്ങൾ ഏറെ പ്രയോജനപ്രദമാണ്.
കൂടാതെ, ഈ വ്യവസായത്തിന് ആവശ്യമുള്ള ഏറ്റവും ശുദ്ധമായ ജലം കേരളത്തിൽ സുലഭമാണ്. ഗ്ലൗസുകൾ പോലുള്ള ഉൽപന്നങ്ങളുടെ നിർമ്മാണത്തിന് അത്യാവശ്യമായ സ്വാഭാവിക റബറും ഇവിടെ ധാരാളമായി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന വിദ്യാഭ്യാസവും സാങ്കേതിക അറിവുമുള്ള വിദഗ്ധരായ തൊഴിൽസേനയുടെ ലഭ്യത കേരളത്തിന്റെ വലിയൊരു മുതൽക്കൂട്ടാണ്. ഇൻഡസ്ട്രി-അക്കാഡമിക സഹകരണത്തിനുള്ള അനന്തസാധ്യതകളും ഇവിടെ നിലവിലുണ്ട്.
മെഡിക്കൽ ഡിവൈസ് മേഖലയുടെ വാർഷിക വളർച്ച നിരക്ക് 10 മുതൽ 15 ശതമാനം വരെയാണ്. എന്നാൽ ഇതിന്റെ 70 ശതമാനവും ഇപ്പോഴും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത് എന്നത് പ്രാദേശിക ഉത്പാദന മേഖലയിൽ വലിയ അവസരങ്ങളാണ് തുറന്നിടുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളും സ്റ്റാർട്ടപ്പ് സംരംഭങ്ങളും ഈ രംഗത്തിന് ശക്തമായ സാമ്പത്തിക അടിത്തറയാണ് നൽകുന്നത്. പുതിയ നിക്ഷേപകർക്ക് അനുകൂലമായ ഈ മേഖലയെ കൂടുതൽ വളർത്തുക ലക്ഷ്യമിട്ട് കേരള മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രി അസോസിയേഷൻ രൂപീകരിച്ചിട്ടുണ്ട്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ മെഡിക്കൽ ഡിവൈസ് വിപണി 15,000 കോടി രൂപയിൽ നിന്ന് 30,000 കോടി രൂപയായി ഉയർത്താനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഹാർഡ്വെയർ, സോഫ്റ്റ്വെയർ, ഫേംവെയർ തുടങ്ങിയ ഇലക്ട്രോണിക്സ് വിഭാഗങ്ങളിലും സ്റ്റാർട്ടപ്പുകൾക്കും ഈ രംഗത്ത് വിപുലമായ അവസരങ്ങളാണുള്ളത്.
ആരോഗ്യമേഖല എക്കാലത്തും ആവശ്യകതയുള്ള ഒന്നായതിനാൽ കേരളത്തിൽ ഈ വ്യവസായത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വിദേശ നിക്ഷേപങ്ങൾ ആകർഷിച്ചും കൃത്യമായ റിസർച്ച് ആൻഡ് ഡെവലപ്മെന്റിലൂടെയും മുന്നോട്ട് പോയാൽ കേരളത്തെ മെഡിക്കൽ ഡിവൈസ് നിർമ്മാണത്തിന്റെ പ്രമുഖ ഹബ്ബായി മാറ്റാൻ സാധിക്കുമെന്നും തോമസ് ജോൺ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

