കൈക്കൂലി വാങ്ങിയ കേസിൽ സർവീസിൽ നിന്നും പിരിച്ചുവിട്ട എംജി സർവകലാശാല ഉദ്യോഗസ്ഥയുടെ നടപടി ചാൻസലർ കൂടിയായ ഗവർണർ റദ്ദാക്കി.
പിരിച്ചുവിടൽ നടപടി സസ്പെൻഷനായി നിലനിർത്തിക്കൊണ്ട് പുതിയ അന്വേഷണം നടത്താനും ഗവർണറുടെ ഉത്തരവിൽ നിർദ്ദേശമുണ്ട്. നാല് മാസത്തിനുള്ളിൽ തുടർനടപടികൾ പൂർത്തിയാക്കാനാണ് ഉത്തരവ്.
എംജി സർവകലാശാലാ പരീക്ഷാഭവൻ അസിസ്റ്റന്റായി സേവനം അനുഷ്ഠിക്കവെ കൈക്കൂലി കൈപ്പറ്റിയെന്ന കേസിൽ 2022 ഡിസംബർ 23നു പിരിച്ചുവിട്ട സി.ജെ.എൽസി സമർപ്പിച്ച അപ്പീലിലാണ് ഈ നിർണായക ഉത്തരവ് വന്നിരിക്കുന്നത്.
ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി എംജി സിൻഡിക്കറ്റ് യോഗം ഒരു ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ട്. എംബിഎ പ്രൊവിഷനൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വേഗത്തിൽ നൽകുന്നതിനായി തിരുവല്ല സ്വദേശിയായ വിദ്യാർഥിനിയിൽ നിന്നും വിവിധ ഘട്ടങ്ങളിലായി 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു എൽസിക്ക് എതിരെയുള്ള പ്രധാന ആരോപണം.
എംബിഎ കോഴ്സ് വിജയിച്ച വിദ്യാർഥിനിയെ പരീക്ഷയിൽ തോൽക്കാൻ സാധ്യതയുണ്ടെന്ന് തെറ്റിധരിപ്പിച്ച്, പിന്നീട് ജയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് തുക തട്ടിയെടുത്തു എന്നാണ് പരാതി. തുടർന്ന് 15,000 രൂപ കൈപ്പറ്റുന്നതിനിടയിൽ എംജി പരീക്ഷാഭവനിൽ വെച്ച് വിജിലൻസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
വിജിലൻസ് അന്വേഷണത്തിനു പുറമേ സർവകലാശാലയിലെ നാലംഗ സിൻഡിക്കറ്റ് കമ്മിഷൻ, റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ എന്നിവരുടെ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്ന് പിരിച്ചുവിടൽ നടപടി സ്വീകരിച്ചത്. എന്നാൽ, സർവകലാശാലാ ചട്ടങ്ങളും നിയമപരമായ നടപടിക്രമങ്ങളും പൂർണമായും പാലിക്കാതെയാണ് തനിക്കെതിരെയുള്ള നടപടി എന്ന് ചൂണ്ടിക്കാട്ടിയാണ് എൽസി അപ്പീൽ സമർപ്പിച്ചത്.
ഗവർണറുടെ ഉത്തരവ് ലഭിച്ചതിന് പിന്നാലെ, പിരിച്ചുവിട്ട കാലയളവ് സസ്പെൻഷനായി കണക്കാക്കി അലവൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൽസി സർവകലാശാലയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ഈ അപേക്ഷ നിലവിൽ നിയമോപദേശത്തിനായി കൈമാറിയിരിക്കുകയാണ്. മുഴുവൻ രേഖകളും പരിശോധിച്ചു സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി രാജേഷ് കോമത്ത്, കെ.എം.മിജാസ്, ആതിര പ്രകാശ് എന്നിവരുൾപ്പെട്ട
സിൻഡിക്കറ്റ് ഉപസമിതിയെയും ചുമതലപ്പെടുത്തി. എംജി സർവകലാശാലയിൽ പ്യൂൺ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച് പിന്നീട് അസിസ്റ്റന്റായി ഉയർന്ന എൽസി, ഇടതുപക്ഷ സംഘടനയായ എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ അംഗമായിരുന്നു.
എന്നാൽ കൈക്കൂലിക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ഇവരെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

