സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ, സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ തീരുമാനത്തിന് തിരിച്ചടി. തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി ഉയർത്തിയ മേയ് 13 മുതൽ ജൂൺ 30 വരെയുള്ള 48 ദിവസത്തിനിടയിൽ മാത്രം 106 കിലോഗ്രാം കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തതായി കേന്ദ്രസർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പരിശോധനകൾ വെട്ടിച്ചു വിപണിയിൽ എത്തിയ അഥവാ പിടികൂടാത്ത അനധികൃത സ്വർണത്തിന്റെ അളവ് എത്രയെന്ന ആശങ്കയാണ് ഇതോടെ ശക്തമാകുന്നത്. തീരുവ വർധിപ്പിച്ചാൽ കള്ളക്കടത്ത് കുത്തനെ ഉയരുമെന്ന് സാമ്പത്തിക വിദഗ്ധരും വ്യാപാരികളും നൽകിയ മുന്നറിയിപ്പുകൾ ശരിവയ്ക്കുന്നതാണ് പാർലമെന്റിൽ കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതേന്ദ്ര സിങ് നൽകിയ മറുപടി.
ഈ കാലയളവിൽ കള്ളക്കടത്ത് കേസുകളുടെ എണ്ണം വർധിച്ചതായും 106.91 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതായും മന്ത്രി വ്യക്തമാക്കി. വിപണിയിലെ നിലവിലെ വിലനിലവാരം അനുസരിച്ച് ഇതിന്റെ മൊത്തം മൂല്യം 140 കോടി രൂപ വരും.
ആകെ 287 കേസുകളിലായി 116 പേരെയാണ് ഇക്കാലയളവിൽ അറസ്റ്റ് ചെയ്തത്. നടപ്പ് വർഷം ഏപ്രിൽ 1 മുതൽ തീരുവ വർധിപ്പിക്കുന്നതു വരെയുള്ള കാലയളവിൽ ആകെ 86 കിലോഗ്രാം സ്വർണം മാത്രമാണ് അധികൃതർ പിടികൂടിയിരുന്നത്.
ഇതിൽ നിന്നുണ്ടായ വൻ വർധനയാണ് ഇപ്പോൾ കണക്കുകൾ വ്യക്തമാക്കുന്നത്. സ്വർണക്കടത്ത് ഭീഷണി എല്ലാക്കാലത്തുമുണ്ട് എന്നും ഇത് തടയാൻ കർശനമായ പരിശോധനകൾ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുൻ വർഷങ്ങളിൽ കേരളത്തിലടക്കം വ്യാപകമായിരുന്ന സ്വർണക്കടത്ത്, 2024ൽ ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് ഗണ്യമായി കുറഞ്ഞിരുന്നു. 2024-25 കാലയളവിൽ 2505 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
എന്നാൽ തീരുവ കുറച്ചതോടെ തൊട്ടടുത്ത വർഷം ഇത് 542 കിലോഗ്രാമായി താഴ്ന്നു. അവിടെ നിന്നാണ് വെറും 48 ദിവസത്തിനുള്ളിൽ 160 കിലോഗ്രാമിലേക്ക് കണക്കുകൾ കുതിച്ചുയർന്നിരിക്കുന്നത്.
തീരുവ വീണ്ടും 15 ശതമാനമാക്കിയതോടെ കള്ളക്കടത്ത് സംഘങ്ങൾ പൂർവ്വാധികം ശക്തിയോടെ സജീവമായെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ ഈ വർഷത്തെ ആകെ കണക്കുകൾ ഇനിയും ഉയരുമെന്ന് ഉറപ്പാണ്.
വൻലാഭം ലക്ഷ്യമിട്ട് സംഘങ്ങൾ
സ്വർണ ഇറക്കുമതിക്ക് മേയ് 13 വരെ 6 ശതമാനം മാത്രമായിരുന്നു നികുതി ഉണ്ടായിരുന്നത്. എന്നാൽ ഇത് 10 ശതമാനം നികുതിയും 5 ശതമാനം സെസും ഉൾപ്പെടെ ആകെ 15 ശതമാനമായി ഉയർത്തുകയായിരുന്നു.
കൂടാതെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 3 ശതമാനം ജിഎസ്ടിയും നൽകേണ്ടതുണ്ട്. ഇത്തരം നികുതി ബാധ്യതകൾ പൂർണ്ണമായി ഒഴിവാക്കി അനധികൃത മാർഗങ്ങളിലൂടെ രാജ്യത്തേക്ക് സ്വർണം എത്തിക്കാൻ കഴിഞ്ഞാൽ ഒരു കിലോഗ്രാമിന് 20 ലക്ഷം രൂപ വരെ കടത്തുകാർക്ക് ലാഭം ലഭിക്കുമെന്നാണ് സ്വർണവ്യാപാരികളുടെ കണക്കുകൂട്ടൽ.
സമാന്തര സമ്പദ്വ്യവസ്ഥ വളരുമെന്ന് എം.പി. അഹമ്മദ്
പിടികൂടുന്നതിന്റെ പലമടങ്ങ് കള്ളക്കടത്ത് സ്വർണമാണ് യാതൊരു തടസ്സവുമില്ലാതെ വിപണിയിലേക്ക് ഒഴുകിയെത്തുന്നതെന്നും, നികുതി വർധിപ്പിച്ച നടപടി രാജ്യത്ത് ഗുരുതരമായ സമാന്തര സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുമെന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി.
അഹമ്മദ് മുന്നറിയിപ്പ് നൽകി. സ്വർണം എന്നത് ഒരു ആഗോള കറൻസിയാണ്.
ലോകത്തിലെ 40-ലേറെ രാജ്യങ്ങളിൽ സ്വർണത്തിന് ഇറക്കുമതി തീരുവ പൂർണ്ണമായും പൂജ്യമാണ്. എന്നാൽ ഇന്ത്യയിൽ ഇത് 15 ശതമാനമായി തുടരുന്നു.
ഇത് കള്ളക്കടത്ത് വർധിക്കാനും സമാന്തര സമ്പദ്വ്യവസ്ഥ വേരുറപ്പിക്കാനും മാത്രമേ ഉപകരിക്കൂ. സമാന്തര സമ്പദ്വ്യവസ്ഥയുടെ വളർച്ച രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പുരോഗതിയെ സാരമായി ബാധിക്കും.
എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളും സ്വർണ വ്യാപാരത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. ആയതിനാൽ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ സർക്കാർ തയ്യാറാകണം.
കള്ളക്കടട്ടിന്റെയും നികുതിവെട്ടിപ്പിന്റെയും വർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് സംസ്ഥാന സർക്കാരിന്റെ വരുമാനത്തെയാണ്. സർക്കാരിന് ജിഎസ്ടി ഇനത്തിൽ ലഭിക്കേണ്ട
വലിയൊരു തുകയാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

