കൊല്ലത്ത് വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ പൊലീസിന്റെ പിടിയിലായി. കായംകുളം ആദിക്കാട്ടുകുളങ്ങര സ്വദേശി ഷെൽജാദ്, ഓച്ചിറ ഞക്കനാൽ സ്വദേശി അനന്തു എന്നിവരാണ് ഓച്ചിറയിലെ ഒളിസങ്കേതത്തിൽനിന്ന് പൊലീസിന്റെ പിടിയിലായത്.
ആര്യാട് ഗുരുപുരം മുര്യൻവെളിയിൽ അഖിൽ (അച്ചു 24) ആണ് ക്രൂര കൊലപാതകത്തിന് ഇരയായത്. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ പ്രതികൾ ഉപയോഗിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്ക് പണം അയച്ച ഫോൺ നമ്പര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
ആലപ്പുഴയിൽ നിന്നും തൃശൂരിലേക്ക് കടന്ന പ്രതികൾക്കായുള്ള തെരച്ചിൽ കേരളം വിട്ട് കർണാടകയിലേക്കും നീണ്ടിരുന്നു. തൃശൂരിൽ നിന്നും കോഴിക്കോട് ഫറൂക്കിലേക്കും തുടർന്ന് ബംഗളൂരുവിലേക്കും രക്ഷപ്പെട്ട
പ്രതികൾക്ക് സാമ്പത്തിക സഹായവും യാത്രാസൗകര്യങ്ങളും ഒരുക്കിയത് ബംഗളൂരുവിൽ ജോലിയുള്ള യുവതിയാണെന്ന് പൊലീസ് കണ്ടെത്തി. കർണാടകയിലും ബംഗളൂരുവിലും മാറിമാറി ഒളിവിൽ കഴിഞ്ഞ ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രതികൾ ഓച്ചിറയിലെ രഹസ്യകേന്ദ്രത്തിൽ കഴിയുകയായിരുന്നു.
നേപ്പാളിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പൊലീസ് സംഘം ഇവരെ വളഞ്ഞ് പിടികൂടിയത്. അനന്തു ജിം സന്തോഷ് വധക്കേസ് പ്രതിയായ ആലുവ അതുലിന്റെ സംഘാംഗമാണെന്ന് പൊലീസ് വ്യക്തമാക്കി.
സന്തോഷ് വധക്കേസിൽ അതുലിന് ഒളിവിൽ പോകാൻ സഹായം ചെയ്തത് അനന്തുവാണ്. ഒന്നാം പ്രതിയായ ഷെൽജാദ് ലഹരിക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.
ദുബായിൽ ജയിൽ ശിക്ഷ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ ഷെൽജാദ്, നെടുമ്പാശേരി ലഹരിക്കടത്ത് കേസിലും അടുത്തിടെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

