ഗുരുവായൂർ അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിന് സമീപമുള്ള വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. കുന്നംകുളം കല്ലഴിക്കുന്ന് പുത്തൻപുരക്കൽ ഉണ്ണിക്കൃഷ്ണൻ (36) ആണ് അറസ്റ്റിലായത്.
മെയ് 8-ന് ആയിരുന്നു പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ മോഷണം നടന്നത്. വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണമാണ് അന്ന് നഷ്ടപ്പെട്ടത്.
മോഷണത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന്, മോഷണം പോയ സ്വർണത്തിൽ എട്ട് പവൻ പ്രതി ഉപേക്ഷിച്ച സ്ഥലത്തുനിന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
സ്വർണത്തോടൊപ്പം മോഷണം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു മാപ്പപേക്ഷാ കത്തും വീടിന് മുന്നിൽ നിന്ന് ലഭിച്ചിരുന്നു. പ്രതിക്ക് മുൻപും ക്രിമിനൽ കേസുകളിൽ ബന്ധമുണ്ടെന്നും ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നാല് വർഷത്തോളം ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലിക ജീവനക്കാരനായി ഇയാൾ ജോലി ചെയ്തിട്ടുണ്ട്. വീട്ടുടമയായ കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ.
ബുഷറയും ഭർത്താവ് ഡോ. അബൂബക്കർ മുഹമ്മദ് റാഫിയും ഉറങ്ങുകയായിരുന്ന മുറിക്ക് പുറത്തെ ഹാളിലെ അലമാരയിൽ നിന്നാണ് സ്വർണം അപഹരിച്ചത്.
അലമാര പൂട്ടാത്ത സാഹചര്യത്തിലായിരുന്നു മോഷണം നടന്നത്. വീടിന്റെ ബാൽക്കണി വാതിൽ തകർത്ത് അകത്തു കടന്നതായി പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് വീട്ടുകാർ മോഷണവിവരം തിരിച്ചറിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

