വലപ്പാട് ബീച്ചിനു സമീപമുള്ള വിക്രംചേരിയിൽ നടന്ന ദാരുണമായ കൊലപാതകങ്ങളുടെ നടുക്കത്തിലാണ് നാട്. ബുധനാഴ്ച രാത്രി പ്രദേശത്ത് ബഹളം കേട്ടിരുന്നെങ്കിലും ഇത്തരമൊരു ദുരന്തമാണ് സംഭവിച്ചതെന്ന് ആരും കരുതിയിരുന്നില്ല.
നാട്ടിക തെക്കിനിയേടത്ത് വീട്ടിൽ വിജേഷിന്റെ ഭാര്യ വിസ്മയ (25), മകൻ നാലര വയസ്സുകാരൻ ദക്ഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് വിജേഷ് (44) ഗുരുതരാവസ്ഥയിൽ തൃശൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വലപ്പാട് ബീച്ച് ജിഡിഎം എൽപി സ്കൂളിനു പടിഞ്ഞാറ് വിക്രംചേരി വീട്ടിൽ പരേതനായ മണികണ്ഠന്റെ മകളാണ് കൊല്ലപ്പെട്ട
വിസ്മയ. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറത്തറിയുന്നത്.
കഴുത്തിന് വെട്ടേറ്റ നിലയിൽ വീടിന്റെ വാതിൽ തുറന്ന് പുറത്തേക്കോടിയ വിസ്മയ ഏകദേശം അൻപത് മീറ്റർ അകലെ മറ്റൊരു വീടിനു മുന്നിലെ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ബഹളം കേട്ട് സഹോദരൻ വികാസ് വാതിൽ തുറന്ന് പിന്നാലെ ഓടിയെത്തിയപ്പോഴേക്കും വിസ്മയ രക്തം വാർന്ന നിലയിലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് അടച്ചിട്ട മുറിക്കുള്ളിൽ മകൻ ദക്ഷിനെയും കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
പൊലീസ് എത്തി ഉടൻ തന്നെ ഇരുവരെയും വലപ്പാടുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിൽ നിന്നു നാട്ടിലെത്തിയ വിജേഷ് നാളുകളായി ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
തൃപ്രയാറിലെ ഒരു ടെക്സ്റ്റൈൽസിലെ ജീവനക്കാരിയായിരുന്നു വിസ്മയ. വലപ്പാട് ബിവിഎം സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് കൊല്ലപ്പെട്ട
ദക്ഷ്. സംഭവത്തിൽ വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

