കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യത്തിന് തടയിടാൻ കർശന നടപടികളുമായി മാടപ്പള്ളി പഞ്ചായത്ത് രംഗത്ത്. ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി ഔദ്യോഗികമായി ഷൂട്ടറെ ചുമതലപ്പെടുത്തി.
പാലാ പൂവരണി സ്വദേശിയായ തമ്പി തോമസിനെയാണ് ഇതിനായി പഞ്ചായത്ത് നിയോഗിച്ചിരിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായ പ്രദേശങ്ങളിൽ നാളെ ഷൂട്ടറും സംഘവും നേരിട്ട് പരിശോധന നടത്തും.
പ്രദേശത്തെ കർഷകരുടെ ചിരകാലാഭിലാഷമായ ആവശ്യത്തിനാണ് ഇതോടെ അനുകൂലമായ പരിഹാരമുണ്ടായിരിക്കുന്നത്. പന്നികളുടെ ശല്യം പ്രദേശത്തെ കർഷകർക്ക് കടുത്ത സാമ്പത്തിക നഷ്ടവും ആശങ്കയുമാണ് സമ്മാനിച്ചിരുന്നത്.
വ്യാപകമായി കൃഷിയിടങ്ങൾ നശിക്കപ്പെട്ടതിനെ തുടർന്ന് ഒട്ടേറെ കർഷകർ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലായി.
കർഷക സഭകളിലും പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലും ഈ വിഷയം നിരവധി തവണ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. പകൽ സമയങ്ങളിൽ പോലും കാട്ടുപന്നികളുടെ സാന്നിധ്യം ഉയർന്നത് ജനങ്ങളിൽ വലിയ ഭീതിപരത്തി.
ആക്രമണത്തിനായി ചീറിയടുത്ത കാട്ടുപന്നികളിൽ നിന്ന് പ്രദേശവാസികൾ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെട്ടത്. കുട്ടൻചിറ, പരപ്പൊഴിഞ്ഞാൽ, കൊരണ്ടിത്താനം, മുണ്ടുകുഴി, റീത്തുപള്ളി എന്നീ പ്രദേശങ്ങളിലും, കറുകച്ചാൽ, കുന്നന്താനം പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന മേഖലകളിലുമാണ് കാട്ടുപന്നികളുടെ ശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്.
പ്രശ്നപരിഹാരത്തിനായി മാടപ്പള്ളി വികസനസമിതി ഉൾപ്പെടെയുള്ള സംഘടനകൾ ഒട്ടേറെ തവണ അധികാരികൾക്ക് പരാതി നൽകുകയും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മുൻപും ഷൂട്ടറെ നിയോഗിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും വിദഗ്ധരായ ഷൂട്ടർമാരെ കൃത്യസമയത്ത് ലഭ്യമാകാത്തത് വലിയ പ്രതിസന്ധിയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

