കറുകച്ചാലിൽ 500 രൂപയുടെ കള്ളനോട്ടുകളുമായി കാപ്പാ കേസ് പ്രതി അലക്സ് തോമസ് പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളനോട്ട് സംഘത്തിലെ പ്രധാന സൂത്രധാരനിലേക്കും മറ്റു കണ്ണികളിലേക്കും അന്വേഷണം നീണ്ടിരിക്കുന്നത്.
കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തപ്പെട്ട മെൽബെർട്ട് ആണ് അലക്സിന് കള്ളനോട്ടുകൾ എത്തിച്ചു നൽകിയത് എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
ജില്ലാ അതിർത്തി ലംഘിച്ച് കീഴ്വായ്പൂര് സ്റ്റേഷൻ പരിധിയിലെ നീലമ്പാറയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. എന്നാൽ അലക്സ് പൊലീസിന്റെ പിടിയിലായ വിവരം അറിഞ്ഞതോടെ മെൽബെർട്ട് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഇയാൾ പൊൻകുന്നത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെയോടെ അന്വേഷണ സംഘം പൊൻകുന്നത്തെത്തി. പൊൻകുന്നം ബസ് സ്റ്റാൻഡ് പരിസരത്തുെവച്ച് പൊലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച മെൽബെർട്ടിനെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഓട്ടത്തിനിടെ വീണ് ഇയാൾക്ക് പരുക്കേറ്റിട്ടുണ്ട്. മെൽബെർട്ടിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ കൈവശമുണ്ടായിരുന്ന കള്ളനോട്ടുകൾ പൊൻകുന്നത്തെ സുഹൃത്തായ ബിബിന് കൈമാറിയതായി വ്യക്തമായത്.
ഇതിനെതുടർന്ന് പൊലീസിന്റെ മറ്റൊരു സംഘം ബിബിനെ കസ്റ്റഡിയിലെടുക്കുകയും, നടത്തിയ പരിശോധനയിൽ 500 രൂപയുടെ 70 കള്ളനോട്ടുകൾ കൂടി പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ കേസിൽ കണ്ടെടുത്ത വ്യാജ നോട്ടുകളുടെ എണ്ണം വർധിച്ചു.
കേസിൽ മുൻപ് പിടിയിലായ അലക്സിന്റെ സഹോദരൻ ആൽബിൻ (പ്രിൻസ്) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ ആൽബിനും ബിബിനും വെൽഡിങ് തൊഴിലാളികളാണ്.
കാപ്പാ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് മെൽബെർട്ടിനെതിരെ മറ്റൊരു കേസ് കൂടി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഡിവൈഎസ്പി എസ്.ആഷാദ്, എസ്എച്ച്ഒ എസ്.രാജേഷ്, എസ്ഐമാരായ ടി.എസ്.ജയകൃഷ്ണൻ, ബിജു തോമസ്, സിപിഒമാരായ ബ്രിജിത്ത് കൃഷ്ണ, ആന്റണി വിക്ടർ, ജിബിൻ ലോബോ, സ്വരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

