ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ചരിത്രപ്രസിദ്ധമായ നെല്ലിക്കാപുളി പാലംന്റെ പേര് അധികൃതർ ഏകപക്ഷീയമായി മാറ്റിയെന്ന് ആരോപിച്ചു പ്രദേശവാസികൾ രംഗത്ത്. പുതിയങ്ങാടി–കുണ്ടൂപ്പറമ്പ് റോഡിൽ കനോലി കനാലിനു കുറുകെയുള്ള എടക്കാട് സ്ഥിതി ചെയ്യുന്ന പാലത്തിനാണ് പൊതുമരാമത്ത് വകുപ്പ് കുണ്ടൂപ്പറമ്പ് പാലം എന്ന് പുനർനാമകരണം ചെയ്തത്.
പാലത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കുണ്ടൂപ്പറമ്പ് സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ കൈവരികൾ നവീകരിച്ച് പെയിന്റ് അടിച്ച ശേഷമാണ് ഔദ്യോഗികമായി പുതിയ പേര് സ്ഥാപിച്ചത്.
ചരിത്രപരമായ പശ്ചാത്തലമുള്ള പ്രദേശത്തിന്റെ പേര് മാറ്റിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. പുതിയങ്ങാടി–കുണ്ടൂപ്പറമ്പ് റോഡിൽ കുന്നത്ത് നെല്ലിക്കാപ്പുളി തറവാടിന്റെ ഭാഗമായ പറമ്പിനോടു ചേർന്നു നിൽക്കുന്നതിനാലാണ് 178 വർഷം മുൻപ് ഈ പാലത്തിന് നെല്ലിക്കാപ്പുളി പാലം എന്ന പേര് ലഭിച്ചത്.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളും ഉൾപ്പെടെ കേരളത്തിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശത്തിന്റെ പൈതൃകം ഇല്ലാതാക്കുന്നതാണ് ഈ നടപടിയെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജനവാസകേന്ദ്രങ്ങളിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രദേശവാസികൾ അധികൃതർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ ദിവസം രാവിലെ കെ.ജയന്ത് എംഎൽഎ പാലം സന്ദർശിക്കുകയും നാട്ടുകാരുമായി നേരിട്ട് ചർച്ചകൾ നടത്തുകയും ചെയ്തു. അതേസമയം, പാലത്തിന്റെ പേര് മാറ്റിയ നടപടിയിൽ കോൺഗ്രസ് നേതൃത്വവും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു.
കനോലി കനാലിനു കുറുകെയുള്ള എടക്കാട് നെല്ലിക്കാപ്പുളി പാലത്തിന്റെ പേര് കുണ്ടൂപറമ്പ് പാലം എന്നാക്കാനുള്ള തീരുമാനത്തിൽ നിന്ന് അധികാരികൾ അടിയന്തരമായി പിന്മാറണമെന്ന് എടക്കാട് നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ടി.വി.പ്രവീൺ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി.കൃഷ്ണകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കുഞ്ഞപ്പ പുതിയോട്ടിൽ, ജനറൽ സെക്രട്ടറി എം.സി.സുദേഷ്കുമാർ, പ്രസാദ് കുന്നുമ്മൽ, പി.പി.പ്രവീൺ, കെ.എം.ഇഖ്ബാൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.അജിത, ജ്യോതി ലക്ഷ്മി മനോജ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

