മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കു നേരെ ഉണ്ടായ ആക്രമണ സംഭവത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഡിജിപിയോട് വിശദാംശങ്ങൾ ആരാഞ്ഞു. ഫോൺ മുഖേനയാണ് ഡിജിപി ഗവർണർക്ക് വിവരങ്ങൾ കൈമാറിയത്.
അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ അക്രമത്തെത്തുടർന്ന് സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് രാജ്ഭവൻ വിഷയത്തിൽ ഇടപെട്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി സംഘത്തിന് നേരെ സിപിഎം പ്രവർത്തകർ അക്രമാസക്തരായി പാഞ്ഞടുക്കുകയായിരുന്നു.
കമ്പും ഇഷ്ടികയും ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രവർത്തകർ അടിച്ചുതകർത്തു. ഈ സംഭവത്തിൽ മൂന്ന് വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥർ മൊഴി നൽകി. കേസിൽ അഞ്ച് പേരുടെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികൾ സിപിഎം പാളയം ഏരിയ കമ്മിറ്റി ഓഫീസിലുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഓഫീസിനുള്ളിൽ പ്രവേശിക്കാൻ ആദ്യം അനുവാദം ലഭിച്ചിരുന്നില്ല. തുടർന്ന് എഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ആറ് പ്രതികളെ പാർട്ടി പ്രവർത്തകർ പൊലീസിന് കൈമാറിയത്.
പിടിയിലായവർക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്. എക്സാലോജിക് സൊല്യൂഷൻസ് – സിഎംആർഎൽ ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട
കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ അനുകൂല ഉത്തരവിനെ തുടർന്നാണ് ഇഡി പരിശോധനകൾ ശക്തമാക്കിയത്. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടകവീട്, കണ്ണൂർ പാണ്ട്യാലമുക്കിലെ വീട്, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി, സിഎംആർഎൽ ശശിധരൻ കർത്തയുടെ വസതിയും ഓഫീസും ഉൾപ്പെടെ 12 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.
സംഭവത്തിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ മൊഴിയും ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

