മഞ്ചേശ്വരം ഹാർബറിന് സമീപം ഉൾക്കടലിൽ വെച്ച് ടഗ് ബോട്ട് മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടം. 24-ാം തീയതി പുലർച്ചെ 4.30-ഓടെ മഞ്ചേശ്വരം ഹാർബറിൽനിന്ന് ഏകദേശം 6 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം.
അപകടത്തിൽ തമിഴ്നാട് സ്വദേശിയായ സുബിൻ (40) എന്നയാൾക്ക് പരിക്കേറ്റു. ബോട്ടിലുണ്ടായിരുന്ന ആറുപേർ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
ഏകദേശം 1.25 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. മംഗളൂരുവിൽനിന്ന് മുംബൈയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ‘ഹോൺ റോഡന്റ്’ എന്ന ടഗാണ് കന്യാകുമാരി സ്വദേശിനിയായ പുനിതയുടെ ഉടമസ്ഥതയിലുള്ള ‘സൂസന്ന’ എന്ന ബോട്ടിലിടിച്ചത്.
അപകടസമയത്ത് ബോട്ടിൽ ഡ്രൈവർ ആന്റണി, തൊഴിലാളികളായ മെൽട്ടൺ, ജോഷ്വാ, ഷിബു, വോൾസൺ എന്നിവർ ഉണ്ടായിരുന്നു. അപകടത്തിന് ശേഷവും നിർത്താതെ പോയ ടഗ് ബോട്ടിലെ ജീവനക്കാരുമായി വയർലെസ് വഴി ബന്ധപ്പെട്ടപ്പോൾ, ‘സോറി, ബോട്ട് കണ്ടില്ല’ എന്ന മറുപടിയാണ് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.
കൂട്ടിയിടിയെത്തുടർന്ന് ബോട്ടിലെ ഡെക്ക്, മേൽക്കൂര, സ്റ്റോർ എന്നിവ പൂർണമായും തകർന്നു. ബോട്ടിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്തു.
ഒരു വശം തകർന്ന് വെള്ളം കയറാൻ തുടങ്ങിയ ബോട്ടിൽ അതീവ ജാഗ്രതയോടെയാണ് തൊഴിലാളികൾ ഹാർബറിലേക്ക് എത്തിയത്. സംഭവത്തിൽ കുമ്പള ഷിറിയ കോസ്റ്റൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

