ലക്നൌ: തെറ്റായ അന്വേഷണത്തെ തുടർന്ന് ആറു വർഷം ജയിലിൽ കഴിഞ്ഞ് കുറ്റവിമുക്തനാക്കപ്പെട്ട യുവാവിന് നഷ്ടപരിഹാരം അനുവദിച്ചു കൊണ്ട് സുപ്രീംകോടതി ഉത്തരവായി.
ഉത്തർപ്രദേശ് സർക്കാരാണ് 6,00,000 രൂപ നഷ്ടപരിഹാരം നൽകേണ്ടത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതക കേസുകളിൽ വിചാരണത്തടവുകാരനായി കഴിയേണ്ടി വന്ന അരുണ്‍ എന്ന ദീപക് ആണ് നിയമപോരാട്ടത്തിനൊടുവിൽ നീതി തേടിയെത്തിയത്.
കേസിന്റെ എഫ്ഐആറിലും പരാതിക്കാരന്റെ മൊഴിയിലും പ്രതിയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, വ്യക്തതയില്ലാത്ത സിസിടിവി ദൃശ്യങ്ങളുടെയും സഹപ്രതിയുടെ മൊഴിയുടെയും മാത്രം അടിസ്ഥാനത്തിലാണ് ഇയാളെ കേസിൽ പ്രതിചേർത്തതെന്ന് കോടതി എടുത്തുപറഞ്ഞു.
കെട്ടിച്ചമച്ച ഒരു കഥയുടെ പേരിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ നിർണായകമായ ആറു വർഷങ്ങളാണ് നഷ്ടമായതെന്ന് സുപ്രീംകോടതി കടുത്ത ഭാഷയിൽ നിരീക്ഷിച്ചു. ഉത്തർപ്രദേശ് പോലീസിന്റെ അന്വേഷണരീതിയെ രൂക്ഷമായി വിമർശിച്ച കോടതി, കുറ്റാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ശാസ്ത്രീയവും ശരിയായതുമായ അന്വേഷണത്തിൽ കൃത്യമായ പരിശീലനം നൽകണമെന്നും നിർദേശിച്ചു.
ഒരു മാസത്തിനകം ഉത്തരവിട്ട നഷ്ടപരിഹാര തുക നൽകണമെന്നും, തുക കൈമാറാൻ വൈകിയാൽ 18 ശതമാനം പലിശ സഹിതം നൽകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

