ഉയർന്ന സ്വപ്നങ്ങളുമായി ജർമനിയിലേക്ക് പറന്ന പ്രിയപ്പെട്ട ‘കിളി’ നാടിന്റെ അശ്രുപുഷ്പങ്ങൾ ഏറ്റുവാങ്ങി ഓർമയായി.
ജർമനിയിലെ ബോഹൂം നഗരത്തിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിലാണ് ഇരട്ടയാർ ശാന്തിഗ്രാം കൊച്ചെടാട്ടേൽ നോവ സാബു (25) ദാരുണമായി കൊല്ലപ്പെട്ടത്. വിദേശത്തെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഡൽഹി വഴി 23ന് രാത്രിയാണ് ഭൗതികശരീരം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്.
അവിടെ നിന്നും കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം, ശാന്തിഗ്രാമിലെ വസതിയിലേക്ക് കൊണ്ടുവന്നു. നോവയ്ക്ക് അന്തിമോപചാരം അർപ്പിക്കാനായി സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവരാണ് വസതിയിലേക്ക് എത്തിച്ചേർന്നത്.
മന്ത്രി അനൂപ് ജേക്കബ്, എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. റിട്ട.
എസ്ഐയായ പിതാവ് കെ.പി.സാബുവിന്റെയും ചെമ്പകപ്പാറ പിഎച്ച്സിയിലെ പബ്ലിക് ഹെൽത്ത് നഴ്സായ അമ്മ പി.എൻ.ജ്യോതിയുടെയും ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ പൂർണ്ണമായി ഒഴിവാക്കിയായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്. പ്രിയപ്പെട്ടവൾക്ക് യാത്രാമൊഴിയേകാൻ എത്തിയവർ പുഷ്പങ്ങൾ അർപ്പിച്ചു.
സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി പെട്ടി തുറന്നപ്പോൾ മകളുടെ മുഖം തടവിക്കൊണ്ട് വിങ്ങിപ്പൊട്ടിയ അമ്മയുടെയും സങ്കടം കൺപീലികളിൽ ഒതുക്കിയ പിതാവിന്റെയും അവസ്ഥ ചുറ്റുമുള്ളവരുടെ കണ്ണുകളെ ഈറനണിയിച്ചു. വീട്ടുമുറ്റത്തോടു ചേർന്ന് ഒരുക്കിയ ചിതയിലേക്ക് മൃതദേഹം എടുത്തപ്പോൾ അതുവരെ തെളിഞ്ഞുനിന്ന അന്തരീക്ഷത്തിൽ നിന്നും മഴയും കണ്ണീരായി പെയ്തിറങ്ങി.
ജർമനിയിലെ ഈ അപകടത്തിൽ കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്.ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26) എന്നിവരും ജീവൻ വെടിഞ്ഞിരുന്നു.

