സംസ്ഥാനത്ത് ഏറ്റവും കുറവ് ജനനം നടക്കുന്ന ജില്ലയായി ആലപ്പുഴ തുടരുന്നു. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ 2024 ലെ റിപ്പോർട്ട് പ്രകാരം ജില്ലയിലെ ജനനനിരക്ക് 5.28 മാത്രമാണ്.
ഇത് സംസ്ഥാനതല ശരാശരിയായ 9.66 നേക്കാൾ 4.38 കുറവാണ്. ജില്ലയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരപ്പാണ് 2024 വർഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
2025 ലെ ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലും കേരളത്തിൽ ജനനനിരക്ക് ഏറ്റവും കുറവുള്ള ജില്ലയായി രേഖപ്പെടുത്തപ്പെട്ടത് ആലപ്പുഴയാണ്.
ആയിരം പേരിൽ ജനിക്കുന്നവരുടെ എണ്ണമാണ് ജനനനിരക്കായി കണക്കാക്കുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 2024 ൽ ജില്ലയിൽ ആകെ 11,419 കുട്ടികളാണ് ജനിച്ചത്.
ഇതിൽ 50.6% ആൺകുട്ടികളും 49.39% പെൺകുട്ടികളുമാണ് ഉൾപ്പെടുന്നത്. ജനനനിരക്കിന്റെ അടിസ്ഥാനത്തിൽ ആയിരം ആൺകുട്ടികൾക്ക് 976 പെൺകുട്ടികൾ എന്ന തോതിലാണ് കണക്കുകൾ ഉള്ളത്.
എന്നാൽ സംസ്ഥാന ശരാശരിയായ 5.03 നെ അപേക്ഷിച്ച് കുറഞ്ഞ ശിശുമരണ നിരപ്പാണ് ജില്ലയിലുള്ളത്. 2024 ലെ കണക്കുപ്രകാരം ജില്ലയിലെ ശിശുമരണ നിരക്ക് 3.24 ആണ്.
മരണനിരക്കിലെ കണക്കുകൾ 2024 ലെ കണക്കുകൾ പ്രകാരം ജില്ലയിലെ മരണനിരക്ക് 8.79 ആണ്. സംസ്ഥാന ശരാശരിയായ 8.77 നെക്കാൾ അൽപം ഉയർന്ന നിരപ്പാണിത്.
ആ വർഷം ജില്ലയിൽ ആകെ 19,029 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 10,033 പേർ പുരുഷന്മാരും 8,995 പേർ സ്ത്രീകളുമാണ്.
2024 ലെ ശിശുമരണ നിരക്ക് 2.79 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജില്ലയിൽ മാതൃമരണങ്ങളോ ഗർഭധാരണവുമായി ബന്ധപ്പെട്ട
മറ്റ് മരണങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനസംഖ്യയിലെ വർധനവിലെ കുറവ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് 2024 വരെയുള്ള കണക്കുപ്രകാരം ജില്ലയിലെ പ്രതീക്ഷിത ജനസംഖ്യ 21.63 ലക്ഷമാണ്.
2011 ലെ സെൻസസ് വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പതിമൂന്ന് വർഷങ്ങൾക്ക് ഇപ്പുറവും ജനസംഖ്യയിൽ വലിയ വർധന ഉണ്ടായിട്ടില്ല. 2011 ലെ സെൻസസ് പ്രകാരം ജില്ലയിലെ ജനസംഖ്യ 21.27 ലക്ഷം ആയിരുന്നു.
ജനനനിരക്കിൽ ഉണ്ടാകുന്ന കുറവും മരണസംഖ്യയിലുള്ള വർധനവുമാണ് ജനസംഖ്യയിൽ കാര്യമായ വളർച്ച ഉണ്ടാകാത്തതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

