ഭക്ഷ്യയോഗ്യവും വാണിജ്യപ്രാധാന്യമുള്ളതുമായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ അനിയന്ത്രിതമായി പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനും സമുദ്ര ആവാസവ്യവസ്ഥയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനാൽ ചെറുമീൻ പിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് കർശന നടപടി ആരംഭിച്ചു. ഇതുസംബന്ധിച്ച് ഫിഷറീസ് ഡയറക്ടറുടെ അധ്യക്ഷതയിൽ തീരദേശ ജില്ലാ ഓഫീസർമാരുടെ യോഗം ചേർന്നു.
നിയമലംഘനങ്ങൾ തടയുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമായി കൃത്യമായ ആക്ഷൻ പ്ലാൻ രണ്ട് ദിവസത്തിനുള്ളിൽ തയ്യാറാക്കാൻ ഡയറക്ടർ നിർദേശം നൽകി. മത്സ്യങ്ങളുടെ മിനിമം ലീഗൽ സൈസ് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ തീരദേശ ജില്ലകളിലും വിപുലമായ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കും.
നിയമപരമായി അനുവദനീയമായ വലിപ്പത്തിൽ താഴെയുള്ള മത്സ്യങ്ങളെ പിടിക്കുന്നതും കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച നിയന്ത്രണങ്ങൾ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തും. കോസ്റ്റൽ പോലീസ്, ഹാർബർ എൻജിനീയറിങ് വകുപ്പ്, കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി തുടങ്ങിയ ബന്ധപ്പെട്ട
ഏജൻസികളുടെ പങ്കാളിത്തത്തോടെയാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ മാത്രം 9 തീരദേശ ജില്ലകളിലായി ചെറുമീൻ മത്സ്യബന്ധനം നടത്തിയ 54 യനങ്ങൾ ഇംപൌണ്ട് ചെയ്യുകയും 36.15 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
കടലിലും മത്സ്യബന്ധന ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പരിശോധനയും പട്രോളിങ്ങും ശക്തമാക്കും. മത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പാാനായി മത്സ്യത്തൊഴിലാളികൾ, മത്സ്യവ്യാപാരികൾ, ബന്ധപ്പെട്ട
സർക്കാർ ഏജൻസികൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പങ്കാളിത്തം അനിവാര്യമാണെന്നു ഫിഷറീസ് ഡയറക്ടർ അറിയിച്ചു. നിയമാനുസൃതമായ മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചെറുമീൻ പിടിത്തം നിയന്ത്രിക്കുന്നതിലൂടെയും ഭാവിതലമുറയ്ക്കായി മത്സ്യസമ്പത്ത് സംരക്ഷിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനസുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

