കൊച്ചിയിലെ അതിസുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന തുറമുഖ മേഖലയിൽ നിന്ന് അര കിലോമീറ്ററോളം റെയിൽവേ പാളം കാണാനില്ല. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പ്രവർത്തനമാരംഭിച്ചതോടെ ഉപയോഗശൂന്യമായ ട്രാക്കിന്റെ ഭാഗങ്ങളാണ് മോഷണം പോയിരിക്കുന്നത്.
ഈ പ്രദേശം ഇപ്പോൾ ചരക്കുനീക്കമില്ലാതെ കാടുമൂടിക്കിടക്കുകയാണ്. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തുന്ന അതീവ സുരക്ഷാ മേഖലയിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ലോഹഭാഗങ്ങൾ കടത്തിയിരിക്കുന്നത്.
സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് വിവരം. എന്നാൽ ഇതുവരെയും പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ഇന്നലെ വൈകിട്ട് റെയിൽവേ അധികൃതർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മുൻകാലങ്ങളിൽ വെള്ളൂർ എച്ച്എൻഎല്ലിലേക്ക് കൽക്കരി കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന പാതയാണിത്.
തുറമുഖത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലായതിനാൽ പാളത്തിന്റെ പരിപാലന ചുമതലയും അവർക്കായിരുന്നു. റെയിൽവേ ലൈൻ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സുരക്ഷാ ഗേറ്റ് ഉണ്ടായിട്ടും പാളങ്ങൾ അപ്രത്യക്ഷമായത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
പാളം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ മതിൽക്കെട്ടിനുള്ളിൽ ചിതറിക്കിടക്കുന്ന നിലയിലാണ്. ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണ് നഷ്ടപ്പെട്ടത്.
ടാറ്റാ ടെറ്റ്ലിയുടെ മുന്നിലൂടെ ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനു മുന്നിലെ റോഡിനു കുറുകെ കടന്നുപോകുന്നതായിരുന്നു ഈ റെയിൽവേ ലൈൻ. സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണമുള്ള മേഖലയിൽ നിന്ന് ഇത്രയും വലിയ അളവിൽ പാളങ്ങൾ അപ്രത്യക്ഷമായത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

