ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിർണായക തീരുമാനവുമായി കേന്ദ്ര ധനമന്ത്രാലയം രംഗത്തെത്തി. രാജ്യത്തെ മുഴുവൻ പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ബാങ്കുകളും വരുന്ന സെപ്റ്റംബർ 27 ഞായറാഴ്ച സാധാരണ പോലെ പ്രവർത്തിക്കുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ഈ പ്രത്യേക പ്രവർത്തനത്തിന് റിസർവ് ബാങ്കിന്റെ ഔദ്യോഗിക അനുമതിയും ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കുള്ള ബാങ്കിങ് സേവനങ്ങളിൽ തടസ്സം നേരിടാതിരിക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
സമരം ഉപേക്ഷിച്ചു ചർച്ചകളുമായി സഹകരിക്കണമെന്ന് സർക്കാരും ബാങ്ക് മാനേജ്മെന്റുകളും ജീവനക്കാരോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ച പരാജയപ്പെട്ടതോടെ, തിങ്കളാഴ്ച ആരംഭിക്കുന്ന സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന കടുത്ത നിലപാടിലാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാർ.
ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന സ്ഥിരം മറുപടി മാത്രമാണ് ചർച്ചയിൽ ലഭിച്ചതെന്നും, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായാൽ മാത്രമേ പണിമുടക്ക് പിൻവലിക്കുന്നത് പരിഗണിക്കു എന്നും യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി. വരുന്ന സെപ്റ്റംബർ 28, 29, 30 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിലാണ് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് നടക്കുന്നത്.
ഇതിനു തൊട്ടുമുൻപുള്ള ശനിയും ഞായറും ഉൾപ്പെടെ പൊതുമേഖലാ ബാങ്കുകൾ തുടർച്ചയായി അഞ്ചു ദിവസം അടഞ്ഞുകിടക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. ഇതിന്റെ മൂന്നാം ഘട്ടമെന്ന നിലയിൽ, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പ്രധാന ബാങ്ക് ശാഖകൾ സമര ദിവസങ്ങളിലും കർശനമായി തുറന്നു പ്രവർത്തിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെയും സേവനം പ്രയോജനപ്പെടുത്തി ശാഖകളുടെ പ്രവർത്തനം ഉറപ്പാക്കണം.
ഡിജിറ്റൽ സംവിധാനങ്ങൾ യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പണിമുടക്കുമായി ബന്ധപ്പെട്ട
കാര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക മോണിറ്ററിങ് കമ്മിറ്റികൾ യോഗം ചേരണം. കറൻസി ചെസ്റ്റുകൾ, ക്ലിയറിങ് സെന്ററുകൾ, ഡേറ്റ സെന്ററുകൾ എന്നിവയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കേണ്ടതാണ്.
സമരത്തെ നേരിടുന്നതിന്റെ ഭാഗമായി ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക വാർ റൂം പ്രവർത്തനം ആരംഭിക്കും. ഓരോ ബാങ്കിൽ നിന്നും നോഡൽ ഓഫീസർമാരെ ഇതിനായി നിയോഗിക്കും.
ക്രമസമാധാന നില തടസ്സപ്പെടാതിരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധികളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രത്യേക റിപ്പോർട്ടുകളും തേടിയിട്ടുണ്ട്.
ഇടപാടുകാർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ:
– ബാങ്കുകളിൽ നേരിട്ടെത്തി ജീവനക്കാരുടെ സഹായത്തോടെ ചെയ്യേണ്ട
അടിയന്തര സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം കാര്യങ്ങൾ പണിമുടക്കിന് മുൻപ് തീർപ്പാക്കണമെന്ന് ബാങ്കുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
– ഉയർന്ന തുകയ്ക്കുള്ള പണമിടപാടുകൾ, ചെക്ക് ക്ലിയറിങ് എന്നിവ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.
– മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ നവതലമുറ ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ തുടർന്നു പ്രവർത്തിക്കും.
– ബാങ്കുകൾ തുടർച്ചയായി ദിവസങ്ങളോളം അടഞ്ഞുകിടക്കുന്നത് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിച്ചേക്കാം എന്നതിനാൽ ഇടപാടുകാർ മുൻകരുതൽ സ്വീകരിക്കണം.
– മാസാവസാനമായതിനാൽ പണിമുടക്ക് ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണത്തെയും ഭാഗികമായി ബാധിക്കാൻ സാധ്യതയുണ്ട്.
– ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരുടെ സേവനങ്ങൾ ഈ ദിവസങ്ങളിൽ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

