കേരളത്തിൽ വരുന്ന ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. കൂടാതെ, ഉത്രാടം ദിനത്തിലും മഴ തുടരുമെന്നാണ് പ്രവചനം; അന്നേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് ബാധകമായിരിക്കും.
അതേസമയം, ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നിലവിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം രൂപപ്പെട്ടതാണ് സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകാൻ കാരണം.
ഇതിന്റെ ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ പൊതുവെ നേരിയതോ മിതമായതോ ആയ മഴയ്ക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇന്ന് മുതൽ 25 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും, ഇതിന്റെ ഫലമായി കടലാക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.
തീരദേശവാസികൾ ജാഗ്രത പാലിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

