ചിറ്റൂർ ∙ വിളവെടുപ്പ് ആരംഭിച്ചയുടൻ തന്നെ വിപണിയിൽ തക്കാളി വില കൂപ്പുകുത്തി. ഓണക്കാലത്ത് തക്കാളി വില കുറഞ്ഞത് കർഷകരെ കടുത്ത ആധിയിലാഴ്ത്തിയിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് വ്യാപകമായി തക്കാളി വിപണിയിലെത്തിയതാണ് കേരളത്തിലെ പ്രാദേശിക കർഷകർക്ക് വലിയ തിരിച്ചടിയായത്. ജില്ലയിലെ പ്രധാന പച്ചക്കറി ലേല മാർക്കറ്റായ വേലന്താവളത്ത് മൂന്നാഴ്ച മുൻപ് 14 കിലോ തൂക്കമുള്ള ഒരു പെട്ടി തക്കാളിക്ക് 800 രൂപയായിരുന്നു വിലയുണ്ടായിരുന്നത്.
എന്നാൽ ഇന്നലെ ഇത് 100 മുതൽ 150 രൂപ വരെയായി ഇടിഞ്ഞു. ഏറ്റവും മികച്ച ഇനത്തിനാണ് 150 രൂപ ലഭിച്ചത്.
രണ്ട്, മൂന്ന് ഗ്രേഡുകളിൽപ്പെട്ട തക്കാളിക്ക് ഇതിലും വളരെ കുറഞ്ഞ വില മാത്രമാണ് ലഭിച്ചത്.
ഒരു പെട്ടി തക്കാളി പറിച്ചെടുക്കാൻ തന്നെ 20 രൂപ ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് വിപണിയിലെത്തിക്കാൻ ചുരുങ്ങിയത് 20 രൂപ കൂടി വേണം.
ലേലത്തിനു വച്ച് വിൽപന നടത്തുമ്പോൾ ലഭിക്കുന്ന തുകയുടെ 10 ശതമാനം കമ്മിഷനും നൽകേണ്ടതുണ്ട്. അതേസമയം, കർഷകർക്ക് വെറും ആറോ ഏഴോ രൂപ മാത്രം ലഭിക്കുമ്പോൾ ചില്ലറ വിപണിയിൽ ഒരു കിലോ തക്കാളിക്ക് 20 മുതൽ 25 രൂപ വരെയാണ് ഈടാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും മഴ വൈകിയതും കാരണം പാലക്കാട്ടെ അതിർത്തി പ്രദേശങ്ങളിൽ ഇത്തവണ തക്കാളിക്കൃഷി വളരെ കുറവായിരുന്നു. കൃഷിയിറക്കാൻ വൈകിയതുമൂലം വിളവെടുപ്പും വൈകിയാണ് ആരംഭിച്ചത്.
ഓണച്ചന്തകളിൽ തന്നെ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ വിപണിയിൽ വില വീണ്ടും താഴുമെന്ന ആശങ്കയിലാണ് കർഷക സമൂഹം. കോലാർ, ചിന്താമണി, രായക്കോട്ട, ഒട്ടൻഛത്രം, മേച്ചേരി, ഹൊസൂർ, മൈസൂരു, ഉദുമൽപേട്ട
തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നാണ് നിലവിൽ വൻതോതിൽ തക്കാളി കേരളത്തിലേക്ക് എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

