കോഴിക്കോട് ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മൊഴി സ്വമേധയാ നൽകിയതല്ലെന്നുകാട്ടി സുഹൃത്ത് ഹസൻ വാരിസ് അതു പിൻവലിക്കാൻ സത്യവാങ്മൂലം (റിട്രാക്ഷൻ അഫിഡവിറ്റ്) നൽകി. ഓഗസ്റ്റ് 18നു തന്റെ വീട്ടിലെ റെയ്ഡിനു ശേഷം രേഖപ്പെടുത്തിയ മൊഴി സ്വമേധയാ നൽകിയതല്ലെന്നും മകളെ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തി നിർബന്ധിച്ചു രേഖപ്പെടുത്തിയതാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
‘മുഹമ്മദ് റിയാസ് എനിക്കു വലിയ തുകകൾ കൈമാറിയെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ മാർഗങ്ങളിലൂടെ ഫൈജാസ് എന്ന വ്യക്തിക്ക് ആ തുക ദുബായിലേക്ക് അയച്ചുകൊടുത്തുവെന്നും മൊഴി നൽകാൻ ചോദ്യംചെയ്യലിന്റെ തുടക്കംമുതൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചു. റിയാസിൽനിന്നോ അദ്ദേഹത്തിന്റെ ബന്ധുക്കളിൽനിന്നോ ദുബായിലേക്ക് അയയ്ക്കാൻ ഒരു തുകയും വാങ്ങിയിട്ടില്ല.
ഒരു ഘട്ടത്തിലും റിയാസിന്റെ നിർദേശപ്രകാരം ആർക്കും തുക അയച്ചിട്ടുമില്ല. നിർദേശിച്ചതുപോലെ മൊഴി നൽകാനും ഒപ്പിടാനും വിസമ്മതിച്ചാൽ ബിആർക്കിനു പഠിക്കുന്ന 22 വയസ്സുള്ള ഇളയമകളെ വേട്ടയാടുകയും ദുബായിലേക്കു പണം അയച്ചതിൽ കൂട്ടുപ്രതിയാക്കുകയും ചെയ്യുമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി.
മകളെ അറസ്റ്റ് ചെയ്ത് വർഷങ്ങളോളം ജാമ്യമില്ലാതെ ജയിലിൽ അടയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. കടുത്ത സമ്മർദത്തിനു വഴങ്ങി മൊഴിയിൽ ഒപ്പിടാൻ ഞാൻ നിർബന്ധിതനായി.
18.08.26ലെ മൊഴിയിലെ ഉള്ളടക്കങ്ങളോട് ഞാൻ യോജിക്കുന്നില്ല. അതിന് ഉത്തരവാദിയാകുന്നുമില്ല.
അത് സ്വമേധയാ നൽകിയ മൊഴിയല്ല; അതിനാൽ നിയമപരമായി സാധുതയുള്ള ഒന്നല്ല. ഈ സാഹചര്യത്തിൽ മൊഴി എന്ന പേരിൽ പറയപ്പെടുന്ന രേഖ അവഗണിക്കണം.
അതു യഥാർഥ മൊഴി അല്ലാത്തതിനാൽ ഞാൻ ഇതിനാൽ പിൻവലിക്കുകയും ചെയ്യുന്നു’– സത്യവാങ്മൂലത്തിൽ പറയുന്നു. റിട്രാക്ഷൻ അഫിഡവിറ്റ് അന്വേഷണ ഏജൻസിക്കു നൽകിയ മൊഴി പൂർണമായോ ഭാഗികമായി പിൻവലിച്ച്, അതു സ്വമേധയാ നൽകിയതല്ലെന്നും ഭീഷണിയോ സമ്മർദമോ തെറ്റിദ്ധാരണയോ മൂലം നൽകിയതാണെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലമാണിത്.
നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ ഒപ്പിടുവിച്ച മൊഴികൾ കോടതിയിൽ തെളിവായി ഉപയോഗിക്കുന്നതു തടയുകയാണ് റിട്രാക്ഷൻ അഫിഡവിറ്റിന്റെ പ്രധാന ലക്ഷ്യം. പിൻവലിക്കൽ സത്യവാങ്മൂലം സ്വീകരിക്കണോ വേണ്ടയോ എന്ന് ഇ.ഡിക്കു തീരുമാനിക്കാം.
ഭീഷണിപ്പെടുത്തി മൊഴി വാങ്ങിയെന്നത് അടിസ്ഥാനരഹിതമാണെന്നും അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണെന്നും കാണിച്ച് ഇ.ഡി മറുപടി സത്യവാങ്മൂലം നൽകും. മൊഴി മാറ്റിയ സാഹചര്യം, ആരുടെയെങ്കിലും സ്വാധീനത്താലാണോ ഇത് ചെയ്തതു തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാൻ വ്യക്തിയെ വീണ്ടും വിളിപ്പിച്ചു ചോദ്യം ചെയ്യാം.
പിൻവലിച്ചതുകൊണ്ടുമാത്രം ആദ്യം നൽകിയ മൊഴി പൂർണമായി അസാധുവാകില്ല. മൊഴി മാറ്റിയാലും ആദ്യത്തെ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകളോ പണമിടപാട് രേഖകളോ അന്വേഷണ ഏജൻസി ഹാജരാക്കിയാൽ, കോടതിക്ക് ആദ്യമൊഴിയുടെ അടിസ്ഥാനത്തിൽതന്നെ നടപടികളുമായി മുന്നോട്ടുപോകാം.
ആദ്യമൊഴിയാണോ അതോ പിൻവലിക്കൽ സത്യവാങ്മൂലാമാണോ വിശ്വസനീയം എന്നു കോടതി വിശദമായി പരിശോധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

