ഔദ്യോഗിക ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ ആരവങ്ങൾക്കപ്പുറം, പ്രകൃതിയുടെ തനത് സൗന്ദര്യത്തിൽ തലയുയർത്തി നിൽക്കുന്ന ഒട്ടേറെ നാടൻ കളിസ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണെങ്കിലും കായിക പ്രേമികൾക്ക് ആവേശം പകരുന്ന അത്തരം മൈതാനങ്ങളിൽ ഒന്നാണ് വിതുര പൊന്മുടി കുളച്ചിക്കരയിലേത്.
‘പ്രകൃതി തന്നെ പൊന്മുടിയിലെ ക്രിക്കറ്റ് പ്രേമികൾക്കായി നിർമിച്ചൊരു സ്റ്റേഡിയം’ എന്നാണ് പ്രദേശവാസികൾ ഈ പച്ചപ്പ് നിറഞ്ഞ മൈതാനത്തെ വിശേഷിപ്പിക്കുന്നത്. റോഡരികിലെ ചെറിയൊരു പ്രതലത്തിൽ, മധ്യഭാഗത്തായി വെട്ടിയൊതുക്കിയ ക്രിക്കറ്റ് പിച്ചും അതിനു ചുറ്റും പൂത്തുലഞ്ഞു നിൽക്കുന്ന വാകമരങ്ങളും ഈ മൈതാനത്തിന് സവിശേഷമായ അന്തരീക്ഷം നൽകുന്നു.
വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,100 മീറ്റർ ഉയരത്തിലാണ് ഈ മൈതാനം സ്ഥിതി ചെയ്യുന്നത്.
ഹിമാചൽ പ്രദേശിലെ ചൈൽ (2,444 മീറ്റർ), ധരംശാല എച്ച്പിസിഎ രാജ്യാന്തര സ്റ്റേഡിയം (1,457 മീറ്റർ), ഇടുക്കി മൂന്നാർ ഹൈ ഓൾറ്റിറ്റ്യൂഡ് ക്രിക്കറ്റ് ഗ്രൗണ്ട് (1,500 മീറ്റർ), വയനാട് കൃഷ്ണഗിരി സ്റ്റേഡിയം (640 മീറ്റർ) എന്നിവയ്ക്ക് സമാനമായ മനോഹരമായ കാലാവസ്ഥയാണ് പൊന്മുടിയിലെ ഈ നാടൻ സ്റ്റേഡിയത്തിന്റെ പ്രത്യേകത. ഇവിടുത്തെ യുവാക്കളുടെ കൂട്ടായ്മയായ ‘യുവാ ക്ലബ്’, സിമിന്റും കളിമണ്ണും ഉപയോഗിച്ച് ബാറ്റിങ്ങിനും ബൗളിങ്ങിനും അനുയോജ്യമായ രീതിയിൽ പിച്ചിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
മഴവെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പോകാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ റജിസ്റ്റർ ചെയ്ത ശേഷം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇവിടെ പ്രാദേശിക ടൂർണമെന്റുകൾക്ക് തുടക്കമിട്ടു.
ഐപിഎൽ മാതൃകയിൽ ആരംഭിച്ച ‘പൊന്മുടി പ്രീമിയർ ലീഗ്’ ഇതിനകം രണ്ട് സീസണുകൾ പിന്നിട്ടു കഴിഞ്ഞു. നഗരപ്രദേശങ്ങളിൽ നിന്നുള്ള ടീമുകൾ ഉൾപ്പെടെ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നു.
കാലാവസ്ഥ അനുകൂലമാകുന്ന പ്രഭാതങ്ങളിൽ ഇവിടെ ക്രിക്കറ്റ് ആവേശത്തിന് തെല്ലും കുറവുണ്ടാകാറില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

