പുതിയ സർക്കാർ അധികാരമേറ്റെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കാത്തത് യുഡിഎഫ് പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ജില്ലയിൽ നിന്നുള്ള നേതാക്കളുടെ ഉൾപ്പോരും അനാസ്ഥയുമാണ് ഈ അവഗണനയ്ക്ക് കാരണമെന്നാണ് പ്രവർത്തകരുടെ പ്രധാന ആരോപണം.
തദ്ദേശീയമായി എൽഡിഎഫിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച് 12 സീറ്റുകൾ നേടാൻ സാധിച്ച സാഹചര്യത്തിൽ, കോൺഗ്രസിനും മുസ്ലിം ലീഗിനും ഓരോ മന്ത്രിസ്ഥാനം വീതം ജില്ല അർഹിച്ചിരുന്നുവെന്നാണ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അന്തിമ പ്രഖ്യാപനം വന്നപ്പോൾ അവസാന രണ്ടര വർഷം പാറക്കൽ അബ്ദുല്ലയെ പരിഗണിക്കാം എന്ന ഉറപ്പിൽ മാത്രം കാര്യങ്ങൾ ഒതുങ്ങിയത് വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
കോൺഗ്രസ് പാളയത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത് മന്ത്രിസഭയിൽ എത്തുമെന്നായിരുന്നു വലിയ പ്രതീക്ഷ.
സീനിയോറിറ്റിയും സമുദായ സമവാക്യങ്ങളും പരിഗണിച്ച് അന്തിമഘട്ടം വരെ ജയന്തിന്റെ പേര് പട്ടികയിൽ സജീവമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ജില്ലയെ പൂർണ്ണമായും തഴഞ്ഞത് പ്രവർത്തകരെ ഞെട്ടിച്ചു.
ചില പ്രാദേശിക നേതാക്കളുടെ അവിശുദ്ധ ഇടപെടലുകളാണ് അർഹമായ മന്ത്രിസ്ഥാനം ഇല്ലാതാക്കിയതെന്ന് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി വിമർശിക്കുന്നു. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന ആക്ഷേപവും ശക്തമാണ്.
മറ്റ് ജില്ലകളിൽ നിന്നുള്ള നേതാക്കൾ മന്ത്രിസ്ഥാനത്തിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയപ്പോൾ, കോഴിക്കോട് നിന്നുള്ള നേതാക്കൾ മൗനം പാലിച്ചത് പ്രതിഷേധത്തിനിടയാക്കി. 25 വർഷങ്ങൾക്ക് ശേഷം ജില്ലയിൽ കോൺഗ്രസിന് കരുത്തു പകരുന്ന തരത്തിൽ പുതിയൊരു അധികാര കേന്ദ്രം ഉയർന്നു വരുന്നതിലുള്ള ചിലരുടെ അസ്വസ്ഥതയാണ് ഇതിന് പിന്നിലെന്നും വിമർശനമുണ്ട്.
മുസ്ലിം ലീഗിലും സമാനമായ രീതിയിൽ അതൃപ്തി നിലനിൽക്കുന്നു. അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന പാറക്കൽ അബ്ദുല്ലയുടെ പേര് ഒഴിവാക്കപ്പെട്ടത് നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി.
കോൺഗ്രസിൽ നിന്ന് മന്ത്രിയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിച്ച ലീഗ് നേതൃത്വം മന്ത്രിസ്ഥാനത്തിനായി വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നും ആക്ഷേപമുണ്ട്. പ്രതിഷേധം ശക്തമായതോടെയാണ് അവസാന രണ്ടര വർഷത്തേക്ക് പാറക്കൽ അബ്ദുല്ലയെ പരിഗണിക്കാമെന്ന ധാരണയിൽ നേതൃത്വം എത്തിച്ചേർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

