പറമ്പിക്കുളം – ആളിയാർ നദീജല കരാർ കേവലം ചിറ്റൂരിന്റെ മാത്രം വിഷയമല്ലെന്നും, ഭാരതപ്പുഴയുടെ ജീവനാഡിയായ ഈ കരാർ പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ കാർഷിക മേഖലയെ ഗൗരവമായി ബാധിക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നു. പറമ്പിക്കുളം – ആളിയാർ പദ്ധതിയുടെ ഭാഗമായ ആളിയാർ ഡാമിൽ നിന്ന് മൂലത്തറ വഴി ചിറ്റൂർ പുഴയിലേക്ക് എത്തുന്ന ജലമാണ് പറളിയിൽ വെച്ച് ഭാരതപ്പുഴയായി മാറുന്നത്.
പാലക്കാടൻ കാർഷിക മേഖലയുടെ നട്ടെല്ലായ ഈ ജലലഭ്യതയുടെ പ്രാധാന്യം അതീവ വലുതാണ്. പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് അണക്കെട്ടുകൾ ഉൾപ്പെട്ട
പറമ്പിക്കുളം സിസ്റ്റവും ആളിയാർ ഡാമും കേന്ദ്രീകരിച്ചാണ് കരാർ നിലനിൽക്കുന്നത്. ഇതുകൂടാതെ, കേരള ഷോളയാർ, തമിഴ്നാട് ഷോളയാർ അണക്കെട്ടുകൾ, കോണ്ടൂർ കനാൽ, ആളിയാർ കനാൽ, ലോവർ നീരാർ, അപ്പർ നീരാർ എന്നിവയും കരാറിന്റെ ഭാഗമാണ്.
പറമ്പിക്കുളം അണക്കെട്ടിൽ നിന്ന് ആളിയാർ ഡാമിലെത്തി, അവിടെനിന്ന് മണക്കടവ് വിയർ വഴി മൂലത്തറയിലൂടെ ചിറ്റൂർപ്പുഴയിലേക്ക് ജലം എത്തുന്നു. ആളിയാർ, തിരുമൂർത്തി ഡാമുകൾ വഴി തമിഴ്നാട്ടിലേക്കും, കേരള ഷോളയാർ ഡാം വഴി തൃശൂർ ചാലക്കുടിപ്പുഴയിലേക്കും ജലവിതരണം നടക്കുന്നുണ്ട്.
1958 നവംബർ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെ 1970 മേയ് 29-നാണ് ഈ കരാർ ഒപ്പുവെച്ചത്. 30 വർഷം കൂടുമ്പോൾ കരാർ വ്യവസ്ഥകൾ പുനരവലോകനം ചെയ്യണമെന്ന നിബന്ധനയുണ്ടെങ്കിലും, ഇതിനകം രണ്ടുതവണ കാലഹരണപ്പെട്ടിട്ടും അർത്ഥവത്തായ പുനരവലോകനത്തിന് കേരളത്തിന് സാധിച്ചിട്ടില്ല.
നിലവിൽ ജൂലൈ ഒന്ന് മുതൽ അടുത്ത വർഷം ജൂൺ 30 വരെയുള്ള ജലവർഷത്തിൽ 7.25 ടിഎംസി ജലം മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. ഇത് 12.5 ടിഎംസി ആയി ഉയർത്തണമെന്നതാണ് പാലക്കാടിന്റെ പ്രധാന ആവശ്യം.
കരാർ ലംഘനങ്ങൾക്കെതിരെ സംസ്ഥാനത്തിന് ഫലപ്രദമായി പ്രതികരിക്കാൻ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കെ.കൃഷ്ണൻകുട്ടി ജലസേചന വകുപ്പു മന്ത്രിയായിരുന്ന കാലയളവിൽ മുഖ്യമന്ത്രിതലത്തിലും സെക്രട്ടറി തലത്തിലും കാര്യക്ഷമമായ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
എന്നാൽ 2021-ലെ ഭരണമാറ്റത്തിന് ശേഷം ജലസേചന വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ മന്ദഗതിയിലായി. പറമ്പിക്കുളം സിസ്റ്റം അണക്കെട്ടുകൾ കേരളത്തിലെ മുതലമട
പഞ്ചായത്തിലാണെങ്കിലും, ഇതിന്റെ നിയന്ത്രണവും അറ്റകുറ്റപ്പണികളും തമിഴ്നാടിന്റെ അധീനതയിലാണെന്നത് മറ്റൊരു പ്രധാന വിഷയമാണ്. കരാർ പുനരവലോകനത്തിനായി കൃത്യമായ ‘ടൈം ഷെഡ്യൂൾ’ നിശ്ചയിച്ച് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

