ആമ്പല്ലൂർ മേഖലയിലെ ദേശീയപാതയിൽ നിർമിക്കുന്ന അടിപ്പാതയുടെ അശാസ്ത്രീയത മൂലം നെന്മണിക്കര ഗ്രാമം രൂക്ഷമായ വെള്ളക്കെണിയിലാകുമെന്ന് ആശങ്ക. കേളിത്തോട് മുതൽ മണലിപ്പുഴ വരെ വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള ഡ്രെയ്നേജ് സംവിധാനം നിർമിക്കാത്തതാണ് പ്രധാന പ്രതിസന്ധി.
വിഷയത്തിൽ നെന്മണിക്കര പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ആമ്പല്ലൂരിൽ നേരിട്ടെത്തി പരിശോധന നടത്തി. ദേശീയപാതയിലെ അടിപ്പാതകൾ ഉള്ള ഭാഗത്തുനിന്ന് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന വെള്ളം പൂർണമായും എത്തുന്നത് നെന്മണിക്കരയിലേക്കാണ്.
നിലവിൽ ഈ വെള്ളം ഒഴുക്കി വിടാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലാത്തത് ഗ്രാമവാസികളെ ആശങ്കയിലാക്കുന്നു. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ ശാശ്വത പരിഹാരം കാണണമെന്ന് പഞ്ചായത്ത് ഭരണസമിതി കർശനമായി ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കിൽ നെന്മണിക്കരയിലേക്കുള്ള മൂന്ന് പ്രധാന റോഡുകളുടെ പ്രവേശന കവാടങ്ങളിൽ വെള്ളക്കെട്ടും ചെളിയും രൂപപ്പെടാൻ സാധ്യതയേറെയാണ്. ഇത്തരമൊരു സാഹചര്യം ഉടലെടുത്താൽ അഞ്ഞൂറിലധികം വീടുകൾ, വിവിധ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെടുകയോ അപകടകരമായ സ്ഥിതിവിശേഷം ഉണ്ടാവുകയോ ചെയ്യും.
ദേശീയപാത മുറിച്ചുകടക്കുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കാൻ ശാസ്ത്രീയമായ ഡ്രെയ്നേജ് സംവിധാനം അടിയന്തരമായി നടപ്പിലാക്കണമെന്നാണ് പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യം. ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, വാർഡ് അംഗം വി.ആർ.സുരേഷ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

