കൊല്ലത്ത് വിൽപനയ്ക്കായി വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന രാസലഹരി വസ്തുവായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
മാഹിൻ (27), അഭിമന്യു (23), രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മാഹിൻ കാവനാട് എടപ്പാടം കെആർഎൻ നഗർ ഗ്രീഷ്മം വീട്ടിലെ താമസക്കാരനാണ്.
അഭിമന്യു ശക്തികുളങ്ങര കന്നിമേൽച്ചേരി മുട്ടറ വടക്കത്തിലും, രാജേഷ് കന്നിമേൽച്ചേരി പൂവൻപുഴ തറയിൽ വീട്ടിലുമാണ് താമസിക്കുന്നത്. കാവനാട് കെആർഎൻ നഗറിലെ വാടകവീട്ടിൽ 20ന് വൈകിട്ട് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് 3.040 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
ബെംഗളൂരുവിൽ നിന്നാണ് ചാത്തന്നൂർ സ്വദേശി വഴി ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നത്. ലഹരിമരുന്ന് ഉപയോഗിച്ച മറ്റൊരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി വിതരണ സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
സ്വന്തം ആവശ്യങ്ങൾക്കൊപ്പം ചില്ലറ വിൽപ്പനയിലൂടെ അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ലഹരി സൂക്ഷിച്ചിരുന്നത്. സംഘാംഗമായ മാഹിന്റെ പേരിലാണ് ഈ വീട് വാടകയ്ക്കെടുത്തിരുന്നത്.
പിടിയിലായവരിൽ ഒന്നാം പ്രതി മാഹിനും മൂന്നാം പ്രതി രാജേഷും നരഹത്യശ്രമം, തട്ടിപ്പ് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ പൊലീസ് ശക്തമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
എസ്ഐമാരായ ഗോപകുമാർ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, ശക്തികുളങ്ങര പൊലീസ് സബ് ഇൻസ്പെക്ടർ അനീഷ്, എഎസ്ഐ ബിന്ദു എന്നിവരടങ്ങുന്ന സംഘവുമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

