ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിഎസ്സി നഴ്സിങ് വിദ്യാർഥിനി അന്തരിച്ചു. പരവൂർ പൂതക്കുളം കൂനംകുളത്ത് സ്നേഹാലയത്തിൽ ടി.ബിജുവിന്റെയും ഷീജയുടെയും ഏക മകളായ ബി.എസ്.സ്നേഹ (22) ആണ് മരണപ്പെട്ടത്.
മൈസൂരുവിൽ അവസാന വർഷ നഴ്സിങ് പരീക്ഷ പൂർത്തിയാക്കി സ്വന്തം നാടായ കൊല്ലത്തേക്ക് ട്രെയിനിൽ മടങ്ങുകയായിരുന്നു സ്നേഹ. യാത്രയ്ക്കിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സഹയാത്രികനായ ഒരു ഡോക്ടർ സ്നേഹയെ പരിശോധിക്കുകയും, അടിയന്തര ചികിത്സ ലഭ്യമാക്കാൻ റെയിൽവേ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ഞായറാഴ്ച പുലർച്ചെ ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ, റെയിൽവേ പൊലീസ് ഇടപെട്ട് സ്നേഹയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടർന്നുവെങ്കിലും, അന്ന് വൈകിട്ടോടെ വിദ്യാർഥിനി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് മരണത്തിന് വഴിവെച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

