ഇലന്തൂർ മേഖലയിലെ തരിശുഭൂമികൾ കപ്പക്കൃഷിയിലൂടെ കാർഷിക സമൃദ്ധിയിലേക്ക്. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയോരത്ത് ഇലന്തൂർ ബ്ലോക്ക് ഓഫിസിന് സമീപമുള്ള പത്ത് ഏക്കറോളം വരുന്ന പാടശേഖരങ്ങളാണ് ഇപ്പോൾ കപ്പക്കൃഷിയുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത്.
നെൽക്കൃഷി ലാഭകരമല്ലാതായ സാഹചര്യത്തിൽ കർഷകർ പച്ചക്കറി കൃഷിയിലേക്ക് തിരിയുകയും, തുടർന്ന് കപ്പയെ പ്രധാന വിളയായി സ്വീകരിക്കുകയുമായിരുന്നു. ഈ സീസണിൽ മാത്രം 25,000 മൂടിലധികം കപ്പയാണ് ഇവിടെ നട്ടുനനച്ചു വളർത്തുന്നത്.
ഒരുകാലത്ത് നെൽക്കൃഷിക്ക് പേരുകേട്ട ഇവിടം ഇന്ന് കപ്പയുടെ കലവറയായി മാറി.
ഒരു മൂട് കപ്പയ്ക്ക് 100 രൂപ നിരക്കിലാണ് വിപണനം നടക്കുന്നത്. മികച്ച വിളവെടുപ്പ് ലഭിക്കുന്നതോടെ സീസണിൽ 25 ലക്ഷം രൂപയുടെ വരുമാനമാണ് കർഷകർക്ക് ലഭിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കച്ചവടക്കാർ നേരിട്ടെത്തിയാണ് ഇവിടുത്തെ കപ്പ ശേഖരിക്കുന്നത്. പ്രധാനമായും ‘കറുത്ത ബ്ലോക്ക്’ ഇനത്തിൽപ്പെട്ട
കപ്പയ്ക്കാണ് ഇവിടെ ആവശ്യക്കാരേറെയുള്ളത്. ഒൻപത് മാസം നീളുന്നതാണ് ഇതിന്റെ കൃഷിക്കാലം.
പട്ടിയാരം സ്വദേശികളായ സോമരാജൻ, മധു, രാമചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം പാട്ടത്തിനെടുത്ത ആറ് ഏക്കർ സ്ഥലത്ത് മാത്രം 13,000 കപ്പച്ചെടികളാണ് വളർത്തുന്നത്. “ഒരു സീസണിൽ 13,000 കപ്പ കൃഷി ചെയ്യുന്നുണ്ടെന്നും 52 മെട്രിക് ടൺ വിളവ് ലഭിക്കുന്നുണ്ടെന്നും” കർഷകനായ സോമരാജൻ വ്യക്തമാക്കി.
ഇലന്തൂർ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ സാം ചെമ്പകത്തിൽ പറയുന്നതനുസരിച്ച്, ഇലന്തൂരിലെ കപ്പയെ ഒരു ബ്രാൻഡായി ഉയർത്താനാണ് പഞ്ചായത്തിന്റെ പദ്ധതി. ഇതിനായി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ തോടുകൾ വൃത്തിയാക്കി കൃഷിസ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കും.
വാർഡ് മെംബർ അനിത സോമൻ, കൃഷി ഓഫിസർ അരുണിമ എന്നിവരുടെ നേതൃത്വത്തിൽ കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും നിർദേശങ്ങളും നൽകി വരുന്നുണ്ട്. വരും ദിവസങ്ങളിൽ കർഷകരുടെ പ്രത്യേക യോഗം വിളിച്ചുചേർക്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

